കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.
പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.
പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.
പരാതികളെ കാര്യമായി കാണാന്‍ തയ്യാറാകാത്ത എന്‍എച്ച്എസ് രോഗികളുടെ ആശങ്കകളെ കേള്‍ക്കാനും, പഠിക്കാനും തയ്യാറായി, കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.
ഔദ്യോഗിക വിഭാഗങ്ങളും, അന്വേഷണ സംഘങ്ങളും ഉന്നയിച്ച ആശങ്കകള്‍ പോലും എന്‍എച്ച്എസ് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇത് വീഴ്ചകളുടെ പരമ്പര തുടരാന്‍ ഇടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.