താന്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത്. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കൂടാതെ തന്റെ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ ഏത് വിധത്തില്‍ കാണുമെന്ന ഗുരുതര പാഠമാണ് ഈ നടപടിക്രമങ്ങള്‍ നേരിട്ടതിലൂടെ മനസ്സിലാക്കിയതെന്നും ബിഷപ്പ് പറയുന്നു.
ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം എന്ന് ചാനല്‍ 4 ന്യൂസ് പറഞ്ഞിരുന്നു. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത ആരോപണങ്ങളെന്ന് ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.
2019 നും 2023 നും ഇടയില്‍ പെരുമ്പളത്ത് ബ്രാഡ്‌വെല്‍ ബിഷപ്പായിരുന്ന കാലഘട്ടത്തില്‍, എസെക്‌സിലെ ചെംസ്‌ഫോര്‍ഡ് രൂപതയിലെ ഒരു സ്ത്രീയെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചു എന്നാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതോടൊപ്പം തന്നെ മറ്റൊരു വനിതാ ബിഷപ്പും ലൈംഗികമായി അതിക്രമിച്ചതായി ചാനല്‍ 4 ന്യൂസിനോടു വ്യക്തമാക്കി എന്ന് പറയുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ താന്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതായാണ് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് തനിക്കെതിരെ നിലവില്‍ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കി. 2023-ല്‍ ലിവര്‍പൂളിലെ ബിഷപ്പായി സ്ഥാനമേറ്റ ബിഷപ്പ് ജോണിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പോലീസ് സ്വമേധയാ അഭിമുഖം നടത്തിയതായി ചാനല്‍ 4 ന്യൂസ് പറഞ്ഞു.
ഈ പരിപാടിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ പൊതുമധ്യത്തില്‍ മറ്റുള്ള ആളുകള്‍ ഉള്ളപ്പോള്‍ നടന്ന അഭിമുഖങ്ങള്‍ ആണെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടി ചമക്കപ്പെട്ടതാണെന്നും ബിഷപ്പ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഇദ്ദേഹം 1994 ലാണ് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലേക്ക് അഭിഷിക്തനായത്. 2001-ല്‍ യുകെയിലേക്ക് താമസം മാറിയ അദ്ദേഹം ആദ്യം റോച്ചസ്റ്റര്‍ രൂപതയിലാണ് സ്ഥാനമേറ്റെടുത്തത്.