മെഥനോള്‍ കലര്‍ന്ന മദ്യം വില്ലനായി, ബ്രിട്ടീഷ് നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
വിഷമദ്യം കഴിച്ച ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചു. മൂന്ന് മാസം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചവരെയാണ് വിയറ്റ്‌നാമില്‍ തങ്ങളുടെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു. ഇവര്‍ കഴിച്ച മദ്യത്തില്‍ കലര്‍ന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അര്‍നോ ക്വിന്റ്റോ എല്‍സും വിയറ്റ്‌നാമില്‍ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിര്‍മിക്കുന്ന ലിമോന്‍സെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകള്‍ ഇവര്‍ തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്ന് ഒരു ദിവസം രാത്രി ഓര്‍ഡര്‍ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു.
കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച ശേഷം ക്ഷീണം കാരണം എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും കാഴ്ചയില്‍ കറുത്ത അടയാളങ്ങള്‍ പോലെ അനുഭവപ്പെടുന്നുവെന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകാമെന്ന് ഒരു സുഹൃത്ത് പറഞ്ഞെങ്കിലും ഇരുവരും വിസമ്മതിച്ചു. ഇവര്‍ കഴിച്ച മദ്യത്തിന്റെ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനകള്‍ നടത്തി മെഥനോള്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ മറ്റ് അടയാളങ്ങളോ അസ്വഭാവികമായ പാടുകളോ ഇല്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലും മെഥനോള്‍ തന്നെയാണ് മരണ കാരണമായതെന്ന് പിന്നീട് കണ്ടെത്തി.