സഹജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് അലമ്പാക്കിയ ഇന്ത്യന്‍ വംശജനായ മാനേജര്‍ക്ക് പണികിട്ടി. ജോലി ചെയ്തിരുന്ന ഹോട്ടലിന് തീ കൊളുത്തിയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഇനി അഴിയെണ്ണാം.
മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പെര്‍ത്ത്‌ഷെയര്‍ ലോച്ച് ടേയിലെ കില്ലിന്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 43 കാരന്‍ വിമല്‍ വര്‍മ്മക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ഹോട്ടലില്‍ ലിവ് ഇന്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍സ് മാനേജറായിരുന്നു വിമല്‍വര്‍മ്മ.
മദ്യപിച്ചു ലക്കുകെട്ടതോടെയാണ് ഇയാള്‍ നിലവിട്ടു പെരുമാറിയത്. ജീവനക്കാരുടെ താമസ സ്ഥലത്തു വച്ച് സഹജീവനക്കാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറിയെന്ന് വിചാരണയ്ക്കിടെ വ്യക്തമായി. 2023 ഏപ്രില്‍ 21നായിരുന്നു സംഭവം.
വിമല്‍വര്‍മ്മയുടെ പെരുമാറ്റം മോശമായതോടെ ഇയാളെ ബര്‍ത്ത്‌ഡേ പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു. പുലര്‍ച്ചെ 2.56ന് മുറിയില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ബൈക്കുകളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സൈക്കിള്‍ സ്റ്റോറേജ് ഏരിയയില്‍ എത്തി തീ കൊളുത്തി. തീ പടരുന്നത് നോക്കി നില്‍ക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വൈകാതെ ഫയര്‍ അലാം മുഴങ്ങി. ഒടുവില്‍ ഹോട്ടലില്‍ നിന്ന് എല്ലാവരേയും രക്ഷിക്കുകയായിരുന്നു.