പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കാളികളാകാന്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളും. ഉപയോഗം കഴിഞ്ഞ, കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ പ്രദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ക്യാനുകള്‍ക്കും ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി നടപ്പിലാക്കി 'ക്ലീന്‍ അപ് ബ്രിട്ടന്‍' പദ്ധതി ഉഷാറാക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നത്.
ടെസ്‌കോ, അസ്ഡ, മോറിസണ്‍സ്, സെയ്ന്‍സ്ബറീസ് എന്നിവ ഉള്‍പ്പടെയുള്ള പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്‍കി, അത് റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ നല്‍കുന്ന കുപ്പികള്‍ക്ക് അവര്‍ക്ക് പണം ലഭിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും, പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പു വരുത്തുന്നതിനുമായി ആഗോളാടിസ്ഥാനത്തില്‍ 50ല്‍ ഏറെ രാജ്യങ്ങളില്‍ നിലവിലുള്ള ഒന്നാണ് ഡെപോസിറ്റ് റിട്ടേണ്‍ പദ്ധതി. ജര്‍മ്മനി, സ്വീഡന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കപ്പെടുന്നുണ്ട്.