രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായതോടെ ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു. അന്വേഷണ വിധേയമായി ബിഷപ്പ് പദവിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന വൈദികരും നിലപാട് എടുത്തതോടെയാണ് രാജി. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തില്‍ അന്വേഷണം പൂര്‍ണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിര്‍ന്ന വൈദികര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 നും 2023 നും ഇടയില്‍ പെരുമ്പളത്ത് ബ്രാഡ്‌വെല്‍ ബിഷപ്പായിരുന്ന കാലഘട്ടത്തില്‍, എസെക്‌സിലെ ചെംസ്‌ഫോര്‍ഡ് രൂപതയിലെ ഒരു സ്ത്രീയെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചു എന്നാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതോടൊപ്പം തന്നെ മറ്റൊരു വനിതാ ബിഷപ്പും ലൈംഗികമായി അതിക്രമിച്ചതായി ചാനല്‍ 4 ന്യൂസിനോടു വ്യക്തമാക്കി എന്ന് പറയുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ താന്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതായാണ് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് തനിക്കെതിരെ നിലവില്‍ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കി.
ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം എന്ന് ചാനല്‍ 4 ന്യൂസ് പറഞ്ഞിരുന്നു. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് സംഭവങ്ങളും 2023 ല്‍ എസെക്സില്‍ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത ആരോപണങ്ങളെന്ന് ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിന്‍ വെല്‍ബി മറ്റൊരു വിവാദത്തില്‍പ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളില്‍ തന്നെയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുവരുന്നത്.
2002 മുതല്‍ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനാണ് ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോണ്‍ പെരുമ്പളത്ത്. പുണെയിലെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ഫാ. ജോണ്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലെ (സിഎന്‍ഐ) വൈദികനായിരുന്നു. 1995 മുതല്‍ 2001 വരെ കൊല്‍ക്കത്തയില്‍ വൈദികനായിരുന്ന ഇദ്ദേഹം ഉപരി പഠനാര്‍ഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ അംഗമായത്.