ലണ്ടന്‍: ബാര്‍ക്ലേസ് അക്കൗണ്ടുകാരുടെ ഇടപാടുകള്‍ രാജ്യ വ്യാപകമായി രണ്ടു ദിവസം തടസ്സപെട്ടു. ഇതുമൂലം ആയിരക്കണക്കിന് ഇടപാടുകാരാണ് വലഞ്ഞത്. രണ്ട് ദിവസങ്ങളായി ഇടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കളെ വലച്ച സാങ്കേതിക പിഴവ് പരിഹരിച്ചതായി ബാര്‍ക്ലേസ് അറിയിച്ചു. വാരാന്ത്യത്തില്‍ പണമിടപാടുകള്‍ക്ക് നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട ഉപഭോക്താക്കളോട് ബാങ്ക് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പകലോടെ പ്രശ്നം പരിഹരിച്ചതായാണ് ബാങ്ക് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നം പക്ഷെ ഒരു സൈബര്‍ ആക്രമണത്തിന്റെ ഫലമാണെന്ന് കരുതുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
പല ബ്രിട്ടീഷുകാര്‍ക്കും ജനുവരി പേ ഡേ ആയ 31ന് ആണ് ഈ പിഴവ് പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, സെല്‍ഫ് അസ്സസ്‌മെന്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയുമായിരുന്നു അന്ന്. പണം ലഭിക്കാതെയും ഇടപാടുകള്‍ നടത്താന്‍ കഴിയാതെയും വന്നതോടെ കുപിതരായ അക്കൗണ്ട് ഉടമകള്‍ പ്രാദേശിക ശാഖകള്‍ക്ക് മുന്നില്‍ കൂട്ടമായി എത്താന്‍ തുടങ്ങി. ഇതോടെ ഫ്രീ മണി പിന്‍വലിക്കുന്നതിനായി എ ടി എമ്മുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂ രൂപം കൊണ്ടു.
പഴയ ഏതെങ്കിലും സ്റ്റേറ്റ്‌മെന്റ് ആയിരിക്കും, സാങ്കേതിക പിഴവ് ബാധിച്ച ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയുക എന്നും, നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്ത ചില ഇടപാടുകള്‍ സ്റ്റേറ്റ്‌മെന്റില്‍ കാണിക്കപ്പെടാതിരിക്കുകയോ ചെയ്തേക്കാം എന്ന് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചു എന്നും, എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
ബാങ്ക് ആപ്പ്, ബാങ്ക് ഓണ്‍ലൈന്‍, എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ചോ, ഫോണിലൂടെയോ കാര്‍ഡുകള്‍ ഉപയോഗിച്ചോ എല്ലാം, ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും. ചില ഉപഭോക്തക്കളുടെ ബാലന്‍സുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു ഉപഭോക്താവിനും ഒരു പെന്‍സ് പോലും നഷ്ടം വരില്ലെന്നും ബാങ്ക് ഉറപ്പ് നല്‍കി.
തടസമുണ്ടായ സാഹചര്യത്തില്‍ വരുന്ന വാരാന്ത്യത്തില്‍ തങ്ങളുടെ കോള്‍ സെന്ററുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്നബാധിതരായ ഉപഭോക്താക്കളെ തങ്ങള്‍ തന്നെ വിളിച്ച്, മുന്‍കൈ എടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ബാങ്ക് അറിയിച്ചു അതേസമയം, സെല്‍ഫ് അസ്സെസ്സ്‌മെന്റ് ഫോം സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പ്രശ്നം മൂലം തടസ്സങ്ങളുണ്ടാകാതിരിക്കാന്‍, ബാര്‍ക്ലേസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് എച്ച് എം ആര്‍ സിയും വ്യക്തമാക്കിയിരുന്നു.