സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളിയുടെ കടയില്‍ വന്‍ മോഷണം നടന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മോഷ്ടാക്കള്‍ ഈ കടയെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ജനുവരി 8-ാം തീയതി ഈ കടയില്‍ തന്നെ മോഷണം നടന്നിരുന്നതായി ഉടമ നിധിന്‍ പറയുന്നു. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
ആദ്യത്തെ മോഷണ ശ്രമത്തില്‍ സിസിടിവിയും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യാനിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. കടയുടെ പുറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത് എന്നാണ് സൂചന. ഇന്നലത്തെ മോഷണത്തില്‍ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി ഉടമ പറയുന്നു.
മലയാളികള്‍ വളരെയേറെയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് . രണ്ട് മോഷണങ്ങള്‍ നേരിടേണ്ടിവന്ന മലയാളി യുവാവ് യുകെ മലയാളി സമൂഹത്തിന്റെ സഹകരണവും പിന്തുണയും അര്‍ഹിക്കുന്ന സംരംഭകനാണ് .മലപ്പുറം സ്വദേശിയായ നിധിന്‍ സ്റ്റോക്ക് മാര്‍ക്ക് എന്ന പേരിലാണ് ഷോപ്പ് നടത്തുന്നത്. നിധിന്‍ യുകെയില്‍ വന്നിട്ട് നാലുവര്‍ഷമായി. സ്റ്റുഡന്റ് വിസയില്‍ ഇവിടെ വന്ന നിധിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത്. എന്നാല്‍ കട തുടങ്ങി രണ്ടു മാസമായപ്പോഴേക്കും മനസ് മടുക്കുന്ന തിരിച്ചടിയാണ് ഈ മലയാളി യുവാവ് നേരിട്ടത്.
ഹോസ്പിറ്റലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുതുതായി ഇവിടെയെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് മോഷണം നടന്നത് . ആദ്യ മോഷണത്തിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. യുകെയില്‍ വീടുകളിലും ഷോപ്പുകളിലുമടക്കം നടക്കുന്ന മോഷണങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതാണ് വീണ്ടും വീണ്ടും മോഷണങ്ങള്‍ പെരുകുന്നത്.