യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മരണങ്ങളില്‍ കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിച്ച് അന്വേഷണ സംഘം. സംഭവത്തില്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ടീം രാജിവെയ്ക്കണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
40 മരണങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെയ്ക്കലുകളും, ഒഴിവാക്കാന്‍ കഴിയുന്ന സംഭവങ്ങളുമാണ് സസെക്സ് പോലീസ് ഇതുവരെ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ജനറല്‍ സര്‍ജറി, ന്യൂറോസര്‍ജറി വിഭാഗങ്ങളിലാണ് ഗുരുതര വീഴ്ചകള്‍ നേരിട്ടത്.
കോര്‍പറേറ്റ്, വ്യക്തിഗത നരഹത്യ കുറ്റങ്ങള്‍ ചുമത്തുന്നതിനെ കുറിച്ച് പരിശോധിക്കുന്നതായി കുടുംബങ്ങളെ സസെക്സ് പോലീസ് അറിയിച്ചു. ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടുന്ന കേസുകളിലാണ് ഇത് ചുമത്തുക. 2015 മുതല്‍ 2021 വരെ നടന്ന മെഡിക്കല്‍ വീഴ്ചകളും, മറച്ചുപിടിക്കലുകളുമാണ് ഓപ്പറേഷന്‍ ബ്രാംബര്‍ എന്ന പേരില്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇപ്പോള്‍ 200 കേസുകളെങ്കിലും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
രോഗികളുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടതിന് ജോലി നഷ്ടപ്പെട്ട രണ്ട് കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബ്രൈറ്റണിലും, വര്‍ത്തിംഗിലും ഉള്‍പ്പെടെ സസെക്സ് മേഖലയില്‍ ആശുപത്രികളുള്ള ട്രസ്റ്റിന് പല തവണ പരിശോധനകളില്‍ ചീത്തപ്പേര് കേട്ടിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ ഒന്നര വര്‍ഷത്തിലേറെ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഈ ട്രസ്റ്റിലാണ്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഇംഗ്ലണ്ടിലെ അഞ്ച് മോശം ട്രസ്റ്റുകളിലും സസെക്സ് ട്രസ്റ്റ് ഇടം പിടിച്ചിട്ടുണ്ട്.