ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും ഇതാദ്യമായി വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകും. കാര്‍ നികുതി സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാനാണ് ഇത്തരമൊരു നിയമം എന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. ഇതോടെ, 2017 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 195 പൗണ്ട് നികുതിയായി നല്‍കേണ്ടി വരും അതിനു പുറമെ, 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ചുമത്തുന്ന 425 പൗണ്ടിന്റെ ആഡംബര കാര്‍ നികുതിയും ഇലക്ട്രിക് കാര്‍ ഉടമകള്‍ നല്‍കേണ്ടി വരും. പത്തില്‍ ഏഴ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്കും ഈ ആഡംബര നികുതി ബാധകമാകും.
ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി, ഇലക്ട്രിക് കാറുകളുടെ വില്‍പന വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍. കൂടാതെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള, നിശ്ചിത എണ്ണം കാറുകള്‍ വില്‍ക്കണം എന്ന ലക്ഷ്യം കൈവരിക്കാനും കഴിയില്ല. ജനുവരിയിലെ പുതിയ റെജിസ്‌ട്രേഷന്‍ കണക്കുകള്‍ നിരത്തി ഓട്ടോമോട്ടീവ് ട്രേഡ് ബോഡിയാണ് ഇക്കാര്യം പറയുന്നത്.
'തെറ്റായ സമയത്തെടുത്ത തെറ്റായ തീരുമാനം' എന്നാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ബാധകമാക്കിയതിനെ കുറിച്ച് എസ് എം എം ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞത്. ജനുവരിയില്‍ ഇലക്ട്രിക് കാറുകളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ കുറവുണ്ടായതായി വിപണിയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വിശ്വാസക്കുറവുള്ളതും കടുത്ത സമ്പത്തിക ബാദ്ധ്യതയുമാണ് ഇതിന് കാരണം എന്നും അവര്‍ പറയുന്നു.