കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാനുള്ള അനുമതി നേടിയിട്ടും പ്രാദേശിക കൗണ്‍സിലുകള്‍ക്കു പിടിച്ചു നില്‍ക്കാനാവുന്നില്ല. അതോടെ മാലിന്യ ശേഖരണം മാസത്തില്‍ ഒന്ന് വീതമായി കുറയ്ക്കാന്‍ ആലോചിക്കുകയാണ് പല കൗണ്‍സിലുകളും. വരും ആഴ്ചകളില്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകും എന്നാണ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് പല സേവനങ്ങളും വെട്ടിച്ചുരുക്കുന്നതിന് കൗണ്‍സിലുകളെ നിര്‍ബന്ധിതരാക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിട്ടനില്‍ 42 കൗണ്‍സിലുകള്‍ (മൊത്തം കൗണ്‍സിലുകളുടെ പത്തിലൊന്ന് വരും ഇത്) മാലിന്യ ശേഖരണത്തിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ച് പണം ലാഭിക്കാന്‍ ശ്രമിക്കുന്നു എന്നാണ്.
ഏകദേശം എണ്‍പത് ലക്ഷത്തോളം ആളുകളെയായിരിക്കും ഇത് ബാധിക്കുക. കൂടാതെ, മറ്റൊരു 8 ലക്ഷം പേര്‍ക്ക് അവരുടെ പ്രതിവാര റീസൈക്ലിംഗ് സേവനം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമായി മാറും. മാലിന്യ ശേഖരണത്തിന്റെ എണ്ണം കുറയ്ക്കുന്ന കൗണ്‍സിലുകളില്‍ ഭൂരിഭാഗവും 4.99 ശതമാനം നികുതി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍, കൗണ്‍സിലുകള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ അനുവദനീയമായ പരമാവധി നിരക്കാണിത്. അതില്‍ കൂടുതല്‍ നികുതി വര്‍ധിപ്പിക്കണമെങ്കില്‍, കൗണ്‍സിലുകള്‍ക്ക് തങ്ങളുടെ പ്രദേശത്ത് റഫറണ്ടം നടത്തേണ്ടതായി വരും.
അതേസമയം, മാലിന്യ ശേഖരണം ആഴ്ചയില്‍ ഒരിക്കല്‍ നിന്ന് രണ്ടാഴ്ചയില്‍ ഒരിക്കലായി മാറ്റിയ ബര്‍മ്മിംഗ്ഹാം കൗണ്‍സില്‍ നികുതി 7.5 ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ച ഏയ്‌ഞ്ചേല റെയ്നാര്‍ ഇറക്കിയിരുന്നു. ബര്‍മ്മിംഗ്ഹാമിലെ 11 ലക്ഷത്തോളം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. ബ്രിസ്റ്റോള്‍ നഗര സഭയും മാലിന്യ ശേഖരം മാസത്തില്‍ ഒരിക്കല്‍ ആക്കാന്‍ ആലോചിക്കുകയാണ്. 10 ശതമാനം നികുതി വര്‍ധനവിന് അപേക്ഷിച്ചിരിക്കുന്ന ചെഷയര്‍ ഈസ്റ്റ് സഭയും, പ്രതിവര്‍ഷം 1 മില്യന്‍ പൗണ്ട് ലാഭിക്കുന്നതിനായി മാലിന്യ ശേഖരണം മാസത്തില്‍ ഒരിക്കലാക്കാന്‍ ആലോചിക്കുകയാണ്.