കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു യുവ മാതാവും അവരുടെ നവജാത ശിശുവും ഏതാനും മണിക്കൂര്‍ ഇടവേളയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉയരുന്നു. ആശുപത്രിയില്‍ സ്‌കാനിംഗിനു വിധേയയായ യുവതിയെ മരുന്നുകളും ആന്റിബയോട്ടിക്കുകളും നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ വീട്ടിലേക്ക് പറഞ്ഞുവിട്ട് ഒന്നര ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ മരണം സംഭവിച്ചത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ആതെര്‍ടണിലെ മെലോഡി - ഓഷ്യന്‍ ജാര്‍മാന്‍ എന്ന 19 കാരിക്കാണ് ദുര്യോഗം സംഭവിച്ചത്.
സാധാരണ പതിവുള്ള ഗര്‍ഭകാല സ്‌കാനിംഗിന് പോകുന്ന വഴി ഇക്കഴിഞ്ഞ ജനുവരി 31ന് തനിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുന്നതായി യുവതി പറഞ്ഞിരുന്നു. പരിശോധനകള്‍ക്ക് ശേഷം അവരുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണ് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മരുന്നുകളും മറ്റും നല്‍കി അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടതായും വീട്ടുകാര്‍ പറയുന്നു.
എന്നാല്‍, തൊട്ടടുത്ത ദിവസം, രാത്രി 11.30 ഓടെ അവര്‍ക്ക് ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാവുകയും അത് ഗുരുതരമായതോടെ ആംബുലന്‍സ് വിളിച്ചു വരുത്തുകയുമായിരുന്നു. ആംബുലന്‍സിനെ വിവരമറിയിച്ചതോടെ അവര്‍ ബോധ രഹിതയായി സ്വന്തം അമ്മയുടെ കൈകളിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. സ്ഥലത്തെത്തിയ പാരാമെഡിക്സ് ആവശ്യമായ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം അവരെ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഒരു അടിയന്തിര സിസേറിയന്‍ ശസ്ത്രകിയ നടത്തി. ഫെബ്രുവരി രണ്ടിന്, ഗര്‍ഭകാലം പൂര്‍ത്തിയാകാന്‍ ഏഴ് ആഴ്ചകള്‍ ബാക്കി നില്‍ക്കെ അങ്ങനെ അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതുകഴിഞ്ഞ് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ മെലോഡി മരണമടഞ്ഞു.