മറ്റേണിറ്റി കെയറില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന്‍ നടപടി. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി.
കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ട്രസ്റ്റിന് മേല്‍ കുറ്റം ചുമത്തിയിരുന്നു. അടുത്ത ആഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ കുറ്റം ഏല്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് സൂചിപ്പിക്കുന്നു.
എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി അന്വേഷണം നേരിടുകയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ്. മറ്റേണിറ്റി പരിചരണത്തിലെ വീഴ്ചകളില്‍ 2000 കേസുകളാണ് മിഡ്‌വൈഫ് ഡോണാ ഒകെന്‍ഡെന്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. മറ്റേണിറ്റി വീഴ്ചകളുടെ പേരില്‍ ഇത് രണ്ടാം തവണയാണ് സിക്യൂസി ട്രസ്റ്റിനെ പ്രോസിക്യൂഷനിലേക്ക് വിടുന്നത്.
2019ല്‍ മരിച്ച വൈന്‍ഡര്‍ ആന്‍ഡ്രൂസിന് നല്‍കിയ വീഴ്ചകളുടെ പേരില്‍ 2023-ല്‍ ട്രസ്റ്റില്‍ നിന്നും 800,000 പൗണ്ട് നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് കൈമാറേണ്ടി വന്ന ഏറ്റവും വലിയ പിഴയാണ് ഇത്.