ലണ്ടന്‍: ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അതിനിടെയിലാണ് ഈ സംഭവം. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിഡിയോയില്‍, ഒരാള്‍ സഹയാത്രികനെ മര്‍ദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. പിന്നീട് അയാളുടെ നെഞ്ചില്‍ ബലമായി തള്ളി. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അയാള്‍ തട്ടിമാറ്റി.
സംഭവം ഗുരുതരമായതിനെ തുടര്‍ന്ന്, പുറപ്പെടുന്നതിന് മുന്‍പ് പൊലീസ് വിമാനത്തില്‍ എത്തുകയും ഇരു യാത്രക്കാരെയും താക്കീത് ചെയ്യുകയും ചെയ്തു എന്ന് ഈസിജെറ്റ് വക്താവ് പറഞ്ഞു. ഒരു യാത്രക്കാരന്‍ ചിപ്‌സും മറ്റ് ലഘുഭക്ഷണങ്ങളും നിലത്തിട്ടതാണ് പ്രശ്നത്തിന് കാരണമായതെന്നും, ഇത് ചോദ്യം ചെയ്തതിന് മറ്റുള്ളവര്‍ പരിഹസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വിമാന ജീവനക്കാര്‍ ഉടന്‍ ഇടപെട്ട് സ്ഥലം ശാന്തമാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഈസിജെറ്റ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും അവയെ ഗൗരവമായി കാണുന്നുവെന്നും ആരെയും അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.