സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ നിന്നുള്ള ഉന്നതമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ ബ്രിട്ടനില്‍ വീണ്ടും അതിശൈത്യം വരുന്നു. താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും തണുത്ത കാറ്റും ഒപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം. ഇന്നലെ സ്‌കോട്ട്‌ലാന്‍ഡിലെ ആള്‍ട്ടന്‍ഹാരയില്‍ അതിരാവിലെ മൈനസ് 7 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. മറ്റു പലയിടങ്ങളിലും താപനില്‍ 5 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ തുടര്‍ന്നുവെങ്കിലും, സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആഞ്ഞടിക്കുന്ന കിഴക്കന്‍ കാറ്റ് മൂലം കഠിനമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്.
തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഇന്ന് രാവിലെയും താപനില മൈനസ് 5 മുതല്‍ മൈനസ് 6 ഡിഗ്രി വരെ താഴും എന്നാണ് മെറ്റ് ഓഫ്രീസ് പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലായിരിക്കും തണുത്ത കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍, സ്‌കോട്ട്‌ലാന്‍ഡില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയും, ബാക്കി ഭാഗങ്ങളില്‍ ആകാശം മേഘാവൃതവുമായിരുന്നു. ഇയാഴ്ചയും ഇതേ നില തുടര്‍ന്നേക്കാം.
എന്നാല്‍, സ്‌കാന്‍ഡിനെവിയന്‍ മേഖലയിലെ ഉന്നത മര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ കടലില്‍ നിന്നെത്തുന്ന കിഴക്കന്‍ കാറ്റ് ധാരാളം മേഘങ്ങളെയും കൊണ്ടുവരും. അതുകൊണ്ടു തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്ക് സാധ്യത ഏറെയാണ്. എന്നാല്‍, നാളെമുതല്‍ വീണ്ടും നേരിയ തോതില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങും. വ്യാഴാഴ്ച രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.