ലണ്ടന്‍: പുതുപുത്തന്‍ മൊബൈലുമായി പുറത്തിറങ്ങുന്ന മലയാളികള്‍ ജാഗ്രതൈ! ലണ്ടന്‍ നഗരം മൊബൈല്‍ മോഷണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം.
കഴിഞ്ഞദിവസം മൊബൈല്‍ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്‌സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. നോര്‍ത്ത് ലണ്ടനില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ ട്രാക്ക്‌ചെയ്ത് പിന്തുടര്‍ന്ന പൊലീസ് ഇയാളെ പിടികൂടിയപ്പോള്‍ 16 സ്മാര്‍ട്ട് ഫോണുകളാണ് ലഭിച്ചത്. ആയിരം പൗണ്ടും, മോഷ്ടിച്ചെടുത്ത ബൈക്കും കഞ്ചാവും ഇയാളില്‍നിന്ന് കണ്ടെത്തി.
പൊലീസ് നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം സ്മാര്‍ട്ട് ഫോണുകള്‍ തിരികെ കിട്ടി. സ്മാര്‍ട്ട് ഫോണ്‍ അപഹരണം തടയാന്‍ ടെക് കമ്പനികളുടെ സഹായം തേടി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് ഹോം സെക്രട്ടറി. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ വില്‍ക്കുന്ന ശൃംഖല തകര്‍ക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.