അധിക്ഷേപ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയ്ക്ക് പിന്നാലെ ലേബര്‍ എംപി ഒലിവര്‍ റയാനെയും പുറത്താക്കി
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ ബേണ്‍ലി എംപി ഒലിവര്‍ റയാനെയും ലേബര്‍ പാര്‍ട്ടി പുറത്താക്കി. തന്റെ സമൂഹമാധ്യമത്തിലെ ഇടപെടലിനെ കുറിച്ച് മാപ്പ് ചോദിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്ത് വന്നിരുന്നു. അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചതിന് ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയിരുന്നു . മറ്റൊരു എംപിയെയും അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ പുറത്താക്കേണ്ടി വന്നതോടെ ലേബര്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ട്രിഗര്‍ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളില്‍ റയാന്‍ ഒരു ലേബര്‍ എംപിയെ ലൈംഗികതയുടെ പേരില്‍ പരിഹസിക്കുന്നതായും പ്രാദേശിക ലേബര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന കമന്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവര്‍ റയാനെ ലേബര്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാര്‍ട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികള്‍ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.
നേരത്തെ ആന്‍ഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്താണ് പ്രശ്‌നം ലേബര്‍പാര്‍ട്ടി ഒതുക്കിയത്.
ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 72 കാരി പ്രാദേശിക കൗണ്‍സിലര്‍ക്ക് പ്രദേശത്തെ ബീന്‍ ശേഖരണത്തെ കുറിച്ച് പരാതിയുമായി എഴുതിയ കത്താണ് പ്രകോപനത്തിന് കാരണം.
മാത്രമല്ല ജൂതര്‍ ചാര സംഘടന അംഗങ്ങളാണെന്ന തരത്തിലുള്ള കമന്റും വിവാദമായി. ഏയ്ഞ്ചല റെയ്‌നയെ കുറിച്ചുള്ള ലൈംഗീകത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ചുള്ള വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.