എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതി ജനുവരി മാസത്തിലും കാര്യമായി മെച്ചപ്പെട്ടില്ലെന്നു കണക്കുകള്‍. കഴിഞ്ഞ മാസം 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ 61,529 പേരിലേറെയാണ് അര ദിവസത്തോളം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. ഡിസംബറിലെ കണക്കുകളില്‍ നിന്നും 13 ശതമാനം വര്‍ധനവാണ് ഇത്.
ഇതിന് പുറമെ ചികിത്സ കഴിഞ്ഞിട്ടും വീടുകളില്‍ പരിചരണം ലഭ്യമല്ലാത്തതിനാല്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്ന രോഗികളുടെ എണ്ണം വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 14,000 പേരോളമാണ് പോകാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ ബെഡുകള്‍ കൈയ്യടക്കി വെച്ചിട്ടുള്ളത്.
സോഷ്യല്‍ കെയര്‍ കപ്പാസിറ്റി മെച്ചപ്പെടുത്താത്ത പക്ഷം ഡിസ്ചാര്‍ജ്ജുകളില്‍ കാലതാമസം നേരിടുകയും, ഇത് ചികിത്സ ആവശ്യമുള്ള രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്നത് തുടരുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിക്കുന്നു. ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്തത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ശാപമായി തുടരുകയാണ്.
എന്നാല്‍ എ&ഇയില്‍ എത്തുന്നതിന് മുന്‍പ് ട്രോളികളില്‍ ഇടനാഴികളില്‍ ചെലവാക്കുന്ന സമയം എന്‍എച്ച്എസ് രേഖപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കാത്തിരിപ്പ് ഇതിലും ദുരിതമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.