എനര്‍ജി ബില്ലുകള്‍ പൊള്ളും; കുടുംബ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന!
എനര്‍ജി ബില്ലുകള്‍ 300 പൗണ്ടിലേക്ക് താഴ്ത്തുമെന്ന ലേബര്‍ പ്രഖ്യാപനം അസ്ഥാനത്ത് ആകുന്നു. കുടുംബങ്ങളുടെ ബജറ്റ് കടുപ്പമാക്കി അടുത്ത ആഴ്ച പ്രൈസ് ക്യാപ്പില്‍ 85 പൗണ്ട് വര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കും. അത് കുറച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രൈസ് ക്യാപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഏറ്റവും കുറവ് ഉപയോഗമുള്ളവരുടെ ബില്ലുകളും ഇത് മൂലം ഉയരുകയാണ്.
എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും ഒരു 85 പൗണ്ട് കൂടി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വാട്ടര്‍ കമ്പനികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന.
ബില്ലുകള്‍ 300 പൗണ്ട് വരെ കുറയ്ക്കുമെന്നായിരുന്നു എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ലേബര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബില്ലുകള്‍ വര്‍ധിക്കുന്നത്. ശരാശരി ഭവനങ്ങള്‍ക്ക് 255 പൗണ്ട് വരെയാണ് നിരക്ക് ഉയര്‍ന്നത്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സുകള്‍ പിന്‍വലിക്കപ്പെട്ട ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ഇത് ആഘാതമാകും.
തണുത്ത കാലാവസ്ഥയും, യൂറോപ്പിലെ ഗ്യാസ് സ്റ്റോറേജ് കുറഞ്ഞതും ചേര്‍ന്നാണ് ഏപ്രില്‍ മാസത്തില്‍ എനര്‍ജി ചെലവുകള്‍ വീണ്ടും ഉയരുന്നത്. ഇതോടെ വാര്‍ഷിക ശരാശരി ബില്ലുകള്‍ 1800 പൗണ്ട് കടക്കും. എനര്‍ജി പ്രൈസ് ക്യാപ്പ് ഏപ്രിലില്‍ 1823 പൗണ്ടിലേക്ക് ഉയരുമെന്നാണ് കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ പ്രവചനം.
ഇതിനിടെ വെള്ളത്തിന്റെ ബില്ലുകള്‍ ഇനിയും കൂട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കമ്പനികള്‍ രംഗത്തെത്തി. ബ്രിട്ടനിലെ ഏറ്റവും വലിയ ജലവിതരണ കമ്പനിക്കൊപ്പമാണ് ഇവരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.