ആളുമാറി കൊലക്കത്തിയ്ക്ക് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്റെ പേരില്‍ കത്തി അക്രമണങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍. കത്തികള്‍ വാങ്ങുന്നതില്‍ ദുരൂഹത തോന്നുകയോ, കൂട്ടമായി കത്തി വാങ്ങുകയോ ചെയ്യുന്നതായി കണ്ടാല്‍ റീട്ടെയിലര്‍മാര്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് റോണാന്‍ കാണ്ടയുടെ പേരിലുള്ള 'റോണാന്‍ നിയമം' അനുശാസിക്കുന്നത്.
18 വയസില്‍ താഴെയുള്ളവര്‍ക്ക് കത്തികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും അറിയിക്കാന്‍ റോണാന്‍ നിയമം ആവശ്യപ്പെടുന്നു. യുവാക്കള്‍ അപകടകരമായ ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് തടയാനാണ് പുതിയ നടപടികള്‍.
2022-ല്‍ വോള്‍വര്‍ഹാപ്ടണില്‍ വെച്ചാണ് 16-കാരനായ റോണാന്‍ കാണ്ട വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു കൗമാരക്കാരന്റെ കുത്തേറ്റ് മരിച്ചത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കത്തി ഉപയോഗിച്ചായിരുന്നു അക്രമം. എന്നാല്‍ മറ്റാരെയോ ലക്ഷ്യം വെച്ച് നടന്ന അക്രമണത്തിന് റോണാന്‍ കാണ്ട ഇരയാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ് നീക്കം തുടങ്ങിയത്.
ഓണ്‍ലൈനില്‍ കത്തി വാങ്ങുന്നവര്‍ക്ക് പ്രായം തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്ന് ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് നിയോഗിച്ച റിവ്യൂ കണ്ടെത്തി. കൂടാതെ 18 മാസത്തിനിടെ 15 അനധികൃത ഡീലര്‍മാര്‍ 2000 കത്തിയിലേറെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.
പാരാസെറ്റാമോള്‍ വാങ്ങുന്നത് ബുദ്ധിമുട്ടായിരിക്കുമ്പോള്‍ കത്തികള്‍ അനായാസം വാങ്ങാന്‍ കഴിയുന്നുവെന്നത് പ്രശ്‌നമാണെന്ന് റിവ്യൂവിന് നേതൃത്വം നല്‍കിയ മെട്രോപൊളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റീഫന്‍ ക്ലേമാന്‍ പറഞ്ഞു. പ്രായം തെളിയിക്കേണ്ടതില്ലാത്തതിനാല്‍ ഇത് ദുരുപയോഗം ചെയ്ത് കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് കത്തി വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.