ആശുപത്രി ജോലിയിലെ വെല്ലുവിളിയും സമ്മര്‍ദ്ദവും ശമ്പളത്തിലെ അതൃപ്‍തിയും ചേര്‍ന്ന് എന്‍എച്ച്എസിനെ യുവതലമുറ ജീവനക്കാര്‍ കൈവിടുന്നു! ജോലിയില്‍ സന്തോഷമില്ലാത്ത ജനറേഷന്‍ Z-ല്‍ പെട്ട യുവ ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടൊഴിഞ്ഞ് പോകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 2023 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 21 മുതല്‍ 30 വയസ് വരെ പ്രായമുള്ള ക്ലിനിക്കല്‍ ജീവനക്കാരിലെ സമ്മര്‍ദ നിലവാരം 14 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍.
കൂടാതെ മുന്‍ വര്‍ഷം ജോലി മൂലമുള്ള സമ്മര്‍ദങ്ങള്‍ തങ്ങള്‍ക്ക് അസുഖം സമ്മാനിച്ചെന്ന് 52 ശതമാനം പേര്‍ 2023-ല്‍ രേഖപ്പെടുത്തി. 2013-ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. ശമ്പളവിഷയത്തില്‍ സംതൃപ്തിയില്ലെന്ന് ഇംഗ്ലണ്ടിലെ 21 മുതല്‍ 30 വരെ പ്രായമുള്ള എന്‍എച്ച്എസ് ജീവനക്കാരില്‍ 22 ശതമാനം പേര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു.
അതേസമയം പ്രായം കൂടുതലുള്ള ജീവനക്കാരില്‍ 12 ശതമാനം പേര്‍ മാത്രമാണ് 2023-ല്‍ ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. 2013-ല്‍ ഇത് പത്ത് ശതമാനമായിരുന്നു. എന്‍എച്ച്എസിന്റെ ഭാവി യുവ ജീവനക്കാരുടെ കൈകളിലാണെന്ന് പറയുമ്പോഴാണ് ഇവര്‍ക്കിടയില്‍ തൊഴില്‍ സംതൃപ്തി കുറഞ്ഞ് വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാകുകയും, സന്തോഷം നഷ്ടപ്പെടുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നഫീല്‍ഡ് ട്രസ്റ്റ് ചൂണ്ടിക്കാണിച്ചു.