ലണ്ടന്‍: നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊഫെഷണല്‍ സിവില്‍ ഏവിയേഷന്‍, ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഈസി ജെറ്റ് പൈലറ്റുമാര്‍ ഫെബ്രുവരി 24ന് പണിമുടക്കുന്നു. ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേക്കായിരിക്കും പണിമുടക്ക് ഇറ്റാലിയന്‍ സമയം ഉച്ചക്ക് 12 മണി മുതലായിരിക്കും സമരം ആരംഭിക്കുക എന്ന ഇറ്റാലിയന്‍ ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ വിമാനക്കമ്പനിയായ എയ്‌റോഇറ്റാലിയയിലെ ജീവനക്കാരും പണിമുടക്കും.
ഒരു വിമാനം യാത്ര തിരിക്കാന്‍ വൈകിയാല്‍ അത് മറ്റ് വിമാനങ്ങളുടെ യാത്രകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര വ്യോമയാന നിയമജ്ഞനായ ആന്റണ്‍ റാഡ്‌ഷെങ്കോ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമാന യാത്രകളെ ബാധിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഏവിയേഷന്‍ ജീവനക്കാരും അവരുടെ യൂണിയനുകളും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഈ വര്‍ഷം യൂറോപ്പില്‍ സമര പരമ്പരകള്‍ക്ക് ഒരുങ്ങുകയാണ്.
വേനല്‍ക്കാലത്തായിരിക്കും സമരം കൂടുതല്‍ വ്യാപകമാവുക. ഈ കാലയളവിലെ പണിമുടക്ക് കമ്പനികളെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും എന്നതിനാല്‍ സമരം ഒഴിവാക്കുവാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകും എന്നതിനാലാണ് ഈ കാലയളവ് തന്നെ സമരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍, മൂന്ന് ദിവസം നീണ്ട് ക്യാബിന്‍ ക്രൂ സമരത്തെ തുടര്‍ന്ന് പോര്‍ച്ചുഗലിലേക്കും, അവിടെ നിന്നും ഉള്ള ഇരുന്നൂറോളം വിമാനങ്ങള്‍ ഈസി ജെറ്റിന് റദ്ദാക്കേണ്ടതായി വന്നിരുന്നു.