നോറോവൈറസ് ഇന്‍ഫെക്ഷനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് റെക്കോര്‍ഡ് ഉയരം കീഴടക്കിയതായി ഇംഗ്ലണ്ടിലെ ആശുപത്രികള്‍. ഗുരുതരമായ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസ് ശരീരതാപം ഉയര്‍ത്തുകയും, വയറ്റിളക്കത്തിന് കാരണമാകുകയും, കൈകാലുകളില്‍ വേദന സമ്മാനിക്കുികയുമാണ് ചെയ്യുക. ചില കേസുകളില്‍ ഇത് ജീവന്‍ അപകടത്തിലാക്കുന്ന നിലയിലേക്കാണ് മാറുന്നത്. വര്‍ഷത്തില്‍ 80 പേര്‍ക്കെങ്കിലും ഇതുമൂലം ജീവഹാനി സംഭവിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ശരാശരി 1160 രോഗികള്‍ ഒരു ദിവസം നോറോവൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കണക്കാക്കുന്നു. ഒരാഴ്ച മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 22 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി കേസുകളാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭൂരിപക്ഷം ആളുകള്‍ക്കും രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ മോചനം ലഭിക്കുമെങ്കിലും ശര്‍ദ്ദിലും, വയറ്റിളക്കവും മൂലം നിര്‍ജലീകരണം സംഭവിക്കുന്ന ആളുകളിലാണ് ഇത് ഗുരുതരമായി മാറുന്നത്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഇത് അപകടകരമായ നിലയില്‍ എത്താറുണ്ട്.
നോറോവൈറസ് കേസുകളുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് പറഞ്ഞു. ഓരോ ദിവസവും ഈ വൈറസ് ബാധിച്ചെത്തുന്ന ആയിരത്തിലേറെ രോഗികളെ ചികിത്സിക്കേണ്ടി വരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ഒരു ഇടവേള ലഭിക്കാത്ത വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.
നോറോവൈറസ് പടരുന്നത് തടയുക മാത്രമാണ് ഇതിനുള്ള പോംവഴി. കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് കൃത്യമായി കഴുകാനും, ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇത് പൂര്‍ണ്ണമായി മാറുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നത് കുറയ്ക്കാനും മെഡിക്കല്‍ ഡയറക്ടര്‍ ഉപദേശിക്കുന്നു.