യു.കെ.വാര്‍ത്തകള്‍

അമിത വേഗക്കാരെ ഒരു മൈല്‍ അകലെ നിന്നേ തിരിച്ചറിയുന്ന അത്യാധുനിക കാമറകള്‍

ലണ്ടന്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരെയും ഒരു മൈല്‍ ദൂരത്തു നിന്നു തന്നെ കണ്ടെത്താന്‍ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയുണ്ടെന്ന് അവകാശപ്പെടുന്ന കാമറകള്‍ പോലീസിന്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ ഇതിന് കഴിയുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഓരോന്നിനും 47,000 പൗണ്ട് വിലവരുന്ന, ക്യാമറ ഘടിപ്പിച്ച നാല് പുതിയ വാനുകളായിരിക്കും മിഡ്‌ലാന്‍ഡ്‌സിലെ തെരുവുകളില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വിന്യസിക്കുക.

ദിവസം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സംവിധാനം ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തനക്ഷമമായിരിക്കും. ഇതിന് അനുമതി നല്‍കിയതായി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ സൈമണ്‍ ഫോസ്റ്റര്‍ പറഞ്ഞു. 2023ല്‍ 1149 പേരാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ അപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. റോഡപകടങ്ങളുടെ ഒരു പ്രധാന കാരണം അമിതവേഗതയാണെന്ന് പറഞ്ഞ ഫോസ്റ്റര്‍, അതാണ് താനും പോലീസും തടയാന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

സേഫര്‍ സ്ട്രീറ്റ്‌സ് ഫണ്ട് വഴിയുള്ള ഈ നിക്ഷേപം അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുവാനും തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങളുടെ മേഖലയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതിനോ, അശ്രദ്ധമായി വാഹനമോടിക്കുന്നതിനോ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേഗതാ പരിധി ലംഘിച്ച് വാഹനമോടിച്ചതിന്റെ ഫലമായി നിരവധി നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ആധുനിക നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുള്ള ഈ ക്യാമറകള്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും അതുപോലെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ കഴിയും. രാജ്യത്തെ തിരക്കേറിയ റോഡുകളില്‍ ഒന്നായ എ 30 ല്‍ ഡെവണ് സമീപം ഈ ക്യാമറ വിന്യസിച്ചപ്പോള്‍ മൂന്ന് ദിവസങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 300 പേരെയാണ് ഇത് പിടികൂടിയത്. ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ എടുത്ത ശേഷം എ ഐ സോഫ്റ്റ്വെയറാണ് നിയമ ലംഘന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.

നിയമ ലംഘനം നടന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അത് ഉടനടി പോലീസിന് അയയ്ക്കും. പോലീസ് ഉദ്യോഗസ്ഥര്‍ ആ ചിത്രങ്ങള്‍ വ്യക്തിപരമായി പരിശോധിച്ച് നിയമലംഘനം നടന്നു എന്ന് കണ്ടാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. സാധാരണയായി ആദ്യ തവണ മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കുകയാകും ചെയ്യുക. കുറ്റം ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക്‌ വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. 2022 സെപ്റ്റംബറില്‍ ഡെവണില്‍ ഇത് 15 ദിവസം പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions