കുട്ടികളെ ഏതെങ്കിലും വിധത്തില്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിര്‍മാണത്തിന് പാര്‍ലമെന്റില്‍ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനല്‍ മാര്‍ഗങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലില്‍ ഉള്‍പ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകള്‍ പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യമാണ്.
കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങള്‍ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞവര്‍ഷം സമാനമായ നിയമ നിര്‍മാണത്തിന് മുന്‍ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനായി പാര്‍ലമെന്റ് പിരിച്ചുവിട്ടപ്പോള്‍ ഈ നിയമനിര്‍മാണം കൂടുതല്‍ പുരോഗതി കൈവരിച്ചില്ല. മയക്കുമരുന്ന് ഇടപാടുകള്‍, സംഘടിത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന ആളുകളെയാണ് പുതിയ നിയമ നിര്‍മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2023 - 24 വര്‍ഷങ്ങളില്‍ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
സമീപകാലത്തായി കുട്ടികളെ ചൂഷണം ചെയ്യുന്നതും കുട്ടികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളും രാജ്യത്തു കുതിച്ചുയര്‍ന്നിരുന്നു. സൈബറിടങ്ങളിലും കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘങ്ങള്‍ സജീവമാണ്.