ഏപ്രില്‍ മുതല്‍ ദേശീയ മിനിമം വേജില്‍ വരുത്തുന്ന വര്‍ധനവുകള്‍ പല സ്ഥാപനങ്ങളുടെയും വരുമാനം കുറഞ്ഞ ജോലികള്‍ അപ്രത്യക്ഷമാക്കുമെന്നു മുന്നറിയിപ്പ്. എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും ചേര്‍ന്നാണ് ആഘാതം രൂക്ഷമാക്കുക.
നാഷണല്‍ ലിവിംഗ് വേജ് യഥാര്‍ത്ഥത്തില്‍ കുറഞ്ഞ വരുമാനക്കാരായ ജോലിക്കാരെ പിന്തുണയ്ക്കാന്‍ തയ്യാറാക്കിയതാണ്. വരുമാന പരിധി കുറച്ചാണ് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ നല്‍കിത്തുടങ്ങുന്നത് നേരത്തെയാക്കാന്‍ നടപടി എടുക്കുന്നത്.
നിലവില്‍ പ്രതിവര്‍ഷം 9100 പൗണ്ടിലേറെ വരുമാനം ലഭിക്കുമ്പോഴാണ് എന്‍ഐസികള്‍ നല്‍കാന്‍ ആരംഭിക്കുന്നത്. എന്നാല്‍ 2025 ഏപ്രില്‍ മാസത്തോടെ ഈ പരിധി 5000 പൗണ്ടിലേക്കാണ് താഴ്ത്തുന്നത്. ഇതേ ഘട്ടത്തില്‍ എംപ്ലോയറുടെ എന്‍ഐ റേറ്റ് 13.8 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും.
ഏകദേശം 23,800 പൗണ്ട് വരുമാനമുള്ള ജോലിക്കാരന് വേണ്ടി 800 പൗണ്ടിലേറെയാണ് എന്‍ഐസി നല്‍കേണ്ടി വരിക. ഇതിനെല്ലാം പുറമെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എംപ്ലോയ്‌മെന്റ് അവകാശങ്ങള്‍ പരിഷ്‌കരിക്കുന്ന ലേബര്‍ നടപടി സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്യുകയെന്നാണ് ആശങ്ക.
പണപ്പെരുപ്പം കുതിച്ചുയരുന്നതും, സാമ്പത്തിക വളര്‍ച്ച സ്തംഭിക്കുന്നതും ചേര്‍ന്നാണ് സ്ഥിതി ആശങ്കപ്പെടുത്തുന്ന വിധത്തിലേക്ക് മാറുന്നത്. ഈ ഘട്ടത്തില്‍ പല സ്ഥാപനങ്ങളും തൊഴിലവസരങ്ങള്‍ അതിവേഗത്തില്‍ വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്.
ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വര്‍ധനവ്, ദേശീയ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം പുതിയ നിയമനം നടക്കുന്നില്ല. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡവലപ്‌മെന്റിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകള്‍ അറിയിച്ചത്.
സര്‍വേ പ്രകാരം രണ്ടായിരത്തോളം സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെ റിക്രൂട്ട് മെന്റ് നിര്‍ത്തിയും മുന്നോട്ട് പോകാന്‍ പദ്ധതിയിടുന്നു. റിക്രൂട്ട്‌മെന്റുകള്‍ തീരെ നടക്കാതാകുന്ന അവസ്ഥയാണ്. ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിക്കാമെന്ന ആലോചനയുണ്ടായിരുന്നവരും ഇപ്പോള്‍ പിന്‍വാങ്ങുന്ന അവസ്ഥയാണ്.
ചെറുകിട തൊഴിലുടമകളുടെ തീരുമാനം സാധാരണക്കാരെ ബാധിക്കും. ഇതു കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. യുകെ യിലെ മലയാളി ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ വെല്ലുവിളിയാണ് ഈ വിഷയം.