പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍. നിരോധനം 2030 ഓടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2017 ല്‍ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040 ലേക്ക് മാറ്റിയിരുന്നു. പിന്നീടിത് 2035 ലേക്കു മാറ്റി. ഇപ്പോഴിതാ 2030 ലേക്ക് ഇതു നടപ്പാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ആലോചന. നിരോധനത്തെ കുറിച്ച് വിവരങ്ങള്‍ തേടാന്‍ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കാര്‍ബണിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് നീക്കം. വിലകൂടുതലും ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും മൂലം പലരും വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നില്ല. സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. 2030 ലെ പെട്രോള്‍, ഡീസല്‍ കാര്‍ നിരോധനത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഉയര്‍ന്ന വിലയില്‍ പലരും നിരാശയിലാണ്. ഇവികളുടെ മെയിന്റനന്‍സും ഇന്‍ഷുറന്‍സ് ചെലവും പലരേയും അകറ്റി നിര്‍ത്തുകയാണ്. 2025 മുതല്‍ ഇവിയ്ക്ക് ടാക്‌സ് അടക്കേണ്ടിവരും. ഇതിനിടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ മടിക്കുകയാണ് സാധാരണക്കാര്‍.