യുകെയിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളില്‍ രേഖപ്പെടുത്തുന്ന വന്‍കുതിപ്പില്‍ സ്തബ്ധരായി ഡോക്ടര്‍മാര്‍. 2050 ആകുന്നതോടെ ഈ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ 40 ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
2022-ല്‍ ഏകദേശം 12,000 സ്ത്രീകള്‍ക്കാണ് ഈ രോഗം മൂലം ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൂറ്റാണ്ടിന്റെ പകുതിയാകുന്നതോടെ ഇത് 17,000 കടക്കുമെന്നാണ് പ്രവചനം. ബ്രിട്ടനില്‍ മുന്‍പ് കണക്കാക്കിയതിലും ആയിരക്കണക്കിന് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യൂറോപ്പിലെ ബ്രെസ്റ്റ് കാന്‍സര്‍ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ സ്ത്രീകള്‍ക്ക് ഇത് പിടിപെടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിതി മോശവുമാണ്. ഇതിന് പുറമെ യുകെയിലെ രോഗികള്‍ക്ക് കാന്‍സര്‍ ബാധിച്ചാല്‍ അമേരിക്കയിലെ സ്ത്രീകളെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡാറ്റ സമര്‍ത്ഥിക്കുന്നു.
ഡബ്യുഎച്ച്ഒയുടെ ഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സറിലെ വിദഗ്ധരാണ് 50 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കാന്‍സര്‍ ഡാറ്റ പരിശോധിച്ചത്. പ്രായമേറിയ ആളുകളുടെ എണ്ണമേറുന്നതും, അനാരോഗ്യകരമായ ജീവിതശൈലിയും ചേര്‍ന്നാണ് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ സ്ഥിതി മോശമാക്കുന്നതെന്നാണ് കരുതുന്നത്.
ഈ സ്ഥിതി ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികാരികള്‍ ഇപ്പോള്‍ തന്നെ പ്രതിരോധ നടപടി ആരംഭിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ കേസുകള്‍ ആഗോള തലത്തില്‍ തന്നെ 50 വയസില്‍ താഴെയുള്ളവരില്‍ വര്‍ധിച്ച് വരികയാണ്.