യുകെയില്‍ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതിയായ 19 കാരന്‍. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായും പ്രതിയായ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടന് സമീപം ലൂട്ടനില്‍ ആയിരുന്നു സംഭവം.
ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെയാണ് പ്രതി വീട്ടില്‍ വെടിവച്ചു കൊന്നത്. 30 ലധികം വെടിയുണ്ടകള്‍ നിറച്ച ഒരു ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലൂട്ടന്‍ ക്രൗണ്‍ കോടതിയില്‍ മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. പ്രതി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് അറസ്റ്റിലായതിനാല്‍ ആണ് സ്കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയതെന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൂട്ടന്‍ സെന്റ് ജോസഫസ് കാത്തലിക് പ്രൈമറി സ്കൂളിലാണ് പ്രതി കൂട്ട വെടിവയ്പ്പ് നടത്താന്‍ പദ്ധതി ഇട്ടിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി മാര്‍ച്ച് 5 ന് ശിക്ഷ വിധിക്കും. കൊലപാതകങ്ങള്‍ നടത്തിയതിനും അനുവാദം ഇല്ലാതെ ഷോട്ട്ഗണ്‍ കൈവശം വെച്ചതിനുമാണ് ശിക്ഷ ലഭിക്കുക.