ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് ബില്ലുകളുടെ പെരുമഴ. വീണ്ടും എനര്‍ജി ബില്‍ ഷോക്ക് നല്‍കി റെഗുലേറ്റര്‍ ഓഫ്‌ജെം തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ബില്ലുകള്‍ 159 പൗണ്ട് അധികം ചെലവ് വരുമെന്നും ഇത് സ്ഥിരീകരിക്കുന്നു. ആദ്യമായാണ് ജനുവരി ക്യാപ്പിനേക്കാള്‍ കൂടുതല്‍ ഏപ്രില്‍ ക്യാപ്പ് വര്‍ധിക്കുന്നത്. ഫിക്‌സഡ് റേറ്റ് ഡീലുകളിലുള്ള പതിനൊന്ന് മില്യണ്‍ കുടുംബങ്ങള്‍ക്ക് നിലവിലെ കാലാവധി അവസാനിക്കുന്നത് വരെ ചാര്‍ജ്ജില്‍ വ്യത്യാസം രേഖപ്പെടുത്തില്ല. എനര്‍ജി കടം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി ഓഫ്‌ജെം വെളിപ്പെടുത്തി.
അതേസമയം ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്ലുകള്‍ക്ക് പുറമെ മറ്റ് പല ബില്ലുകളുടെയും വര്‍ധന ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായ തിരിച്ചടി സമ്മാനിക്കും. ഏപ്രില്‍ മുതല്‍ വാട്ടര്‍ ബില്ലുകള്‍ ശരാശരി 123 പൗണ്ട്, അല്ലെങ്കില്‍ 26% വാര്‍ഷിക വര്‍ധനവിന് വാട്ടര്‍ യുകെ അനുമതി നല്‍കിയിരുന്നു.
ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സുകള്‍ ഏപ്രില്‍ മുതല്‍ 4.99 ശതമാനം വര്‍ധിപ്പിക്കാനാണ് പത്തില്‍ ഒന്‍പത് ലോക്കല്‍ അതോറിറ്റികളും തയ്യാറെടുക്കുന്നത്. ബര്‍മിംഗ്ഹാം, വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, ന്യൂഹാം, ബ്രാഡ്‌ഫോര്‍ഡ്, സോമര്‍സെറ്റ്, ട്രാഫോര്‍ഡ് എന്നിവിടങ്ങളില്‍ ക്യാപ്പിനും മുകളിലാണ് കൗണ്‍സില്‍ ടാക്‌സ് ഉയരുക.