യുകെ ജനത ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നത് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഖജനാവില്‍ 8 ബില്ല്യണ്‍ പൗണ്ടിന്റെ ഇടിവ് സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ നഷ്ടമാകുന്ന തുക തിരിച്ചുപിടിക്കാന്‍ മറ്റ് വഴികള്‍ തേടാനാണ് ഗവണ്‍മെന്റിന് കാലാവസ്ഥാ ഉപദേശകരുടെ നിര്‍ദ്ദേശം ലഭിക്കുന്നത്.
ഫ്യൂവല്‍ ഡ്യൂട്ടി നിലവിലെ അതേ സ്ഥിതിയില്‍ തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ വരുമാനത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 15 വര്‍ഷക്കാലമായി ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മുന്‍ ടോറി ഗവണ്‍മെന്റുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ റേച്ചല്‍ റീവ്‌സും ഈ പാത പിന്തുടരുകയാണ്.
എന്നാല്‍ 2030 ആകുന്നതോടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കം ലേബര്‍ ത്വരിതപ്പെടുത്തുകയാണ്. ഈ ഘട്ടത്തിലാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് വരുമാനത്തിലെ ഇടിവ് നികത്താന്‍ ചാന്‍സലര്‍ നെട്ടോട്ടം ഓടുന്നത്. 'ഓരോ മൈലിനും നിരക്ക്' ഈടാക്കുന്ന പദ്ധതി പരിഗണിക്കാനാണ് റീവ്‌സിന് മുന്നിലുള്ള നിര്‍ദ്ദേശം.
ഇതുവഴി കാര്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഓരോ മൈലിനും ചാര്‍ജ്ജ് ഈടാക്കാനാണ് നീക്കം. ഐസ്‌ലാന്‍ഡും, ന്യൂസിലാന്‍ഡും ഇപ്പോള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പേ-പെര്‍-മൈല്‍ നികുതി നയങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വാങ്ങുമ്പോള്‍ ഈടാക്കുന്ന ഫ്യൂവല്‍ ഡ്യൂട്ടിയിലൂടെയും, മറ്റ് ഇന്ധനങ്ങളിലുമാണ് 2 ശതമാനം നികുതിയുള്ളത്. ഓരോ വീട്ടില്‍ നിന്നും 850 പൗണ്ട് ഈടാക്കുന്നതിന് തുല്യമാണ് ഈ വരുമാനം. 2023-ല്‍ ട്രഷറിക്ക് 25 ബില്ല്യണ്‍ പൗണ്ടാണ് ഫ്യൂവല്‍ ഡ്യൂട്ടിയായി ലഭിച്ചത്.