ബ്രിസ്റ്റോളില്‍ നായയുടെ ആക്രമണത്തില്‍ 19 വയസുകാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോണ്‍ ഡ്രൈവിലെ ഒരു ഫ്ലാറ്റില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നായയെ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ 20 വയസുകാരായ പുരുഷനും സ്ത്രീയും ആണ് പിടിയിലായത്.
അപകടകരമായ രീതിയില്‍ നായയെ വളര്‍ത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിരോധിത ഇനം നായയെ കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട് . എന്നിരുന്നാലും നായയുടെ ഇനം ഏതാണെന്നതിനെ കുറിച്ച് കൃത്യമായി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ച യുവതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാന്‍ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥന്‍ അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട് .
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും നായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-2024 വര്‍ഷത്തെ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം ഏകദേശം 11,000 പേരെ ആണ് നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .