ബ്രിട്ടനില്‍ ഇപ്പോള്‍ നിരക്ക് വര്‍ധനയുടെ സമയമാണ്. സകല മേഖലയിലും നടക്കുന്ന വിലക്കയറ്റം ആണ്. ശമ്പളം വര്‍ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കി. ഒടുവിലായി ഇപ്പോള്‍ ട്രെയിന്‍ നിരക്കുകള്‍ക്ക് പ്രഖ്യാപിച്ച വര്‍ധനയും നിലവില്‍ വരികയാണ്.
നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ നിരക്കുകളില്‍ 4.6% വര്‍ധനവാണ് നേരിടേണ്ടത്. സാധാരണ നിരക്കുകള്‍ക്ക് പുറമെ മിക്ക റെയില്‍കാര്‍ഡുകളുടെയും നിരക്ക് ഉയരും. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നീക്കം. ചില കാര്‍ഡുകള്‍ക്ക് 17% നിരക്ക് വര്‍ധിച്ച് 30 പൗണ്ടില്‍ നിന്നും 35 പൗണ്ടായി ചെലവ് ഉയരും.
അതേസമയം, ഓരോ ആഴ്ചയും ആയിരക്കണക്കിന് സര്‍വ്വീസുകളാണ് അവസാന നിമിഷം മുടങ്ങുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ എല്ലാ ഞായറാഴ്ചയും 554 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ 672 സര്‍വ്വീസുകളും നഷ്ടമാകുന്നു.
ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് പഠനം അനുസരിച്ച് ലണ്ടനിലേക്കുള്ള 12 പതിവ് റൂട്ടുകളില്‍ വാര്‍ഷിക റെയില്‍ സീസണ്‍ ടിക്കറ്റിന് ചെലവ് 6000 പൗണ്ടിന് മുകളിലേക്കാണ് ഉയരുന്നത്. റെയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിലും ഇത് ഉള്‍പ്പെടണമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.
ഇതിന് പുറമെ അടുത്ത മാസം ഗ്യാസ്, വൈദ്യുതി, വെള്ളം, കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകളും കുടുംബങ്ങളെ തേടി എത്തുന്നുണ്ട്. ജീവിതച്ചെലവുകള്‍ ഉയരുന്നതിന്റെ ആഘാതം നേരിടുന്ന സാധാരണക്കാര്‍ക്ക് ഇത് മറ്റൊരു ഷോക്കായി മാറുമെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.