ലണ്ടന്‍: ധന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ഒരംഗം നാടകീയമായി രാജിവെച്ചു. ഡെവലപ്‌മെന്റ് മിനിസ്റ്റര്‍, അന്നെലീസ് ഡോഡ്‌സ് ആണ് രാജിവച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിക്കുന്നതിനായി സഹായങ്ങള്‍ വെട്ടിക്കുറച്ചത് ആഗോളതലത്തില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ധിപ്പിക്കാനേ സഹായിക്കൂ എന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്രംപിനെ സന്തോഷിപ്പിക്കുവാനാണ് സ്റ്റാര്‍മര്‍ ശ്രമിക്കുന്നതെന്ന് എന്നാരോപിച്ച മന്ത്രി, സൈനിക ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി നികുതി വര്‍ധിപ്പിക്കേണ്ടിവരുമെന്നും സഹായങ്ങള്‍ വെട്ടിച്ചുരുക്കി അത്തരമൊരു നടപടിക്ക് മുതിരുന്നത് ആശാവഹമല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കത്തിനുള്ള മറുപടിയില്‍, ഇതുവരെയുള്ള ആന്നെലീസിന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, താന്‍ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴും, രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് പറഞ്ഞു.
ബ്രിട്ടന്റെ പ്രതിരോധ ബജറ്റ് 2027 മുതല്‍ ആഭ്യന്തര മൊത്ത ഉദ്പാദനത്തിന്റെ (ജി ഡി പി) യുടെ 2.5 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പായി സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആറു ബില്യണ്‍ പൗണ്ട് ഇതുവഴി എല്ലാ വര്‍ഷവും അധികമായി പ്രതിരോധാവശ്യങ്ങള്‍ക്കായി ചെലവിടേണ്ടതായി വരും. ഇതിനുള്ള തുക കണ്ടെത്താന്‍ എയ്ഡ് ബജറ്റ് മൊത്തം ദേശീയ വരുമാനത്തിന്റെ 0.5 ശതമാനം എന്നതില്‍ നിന്നും 0.3 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.