യുക്രൈന്‍ വിഷയത്തില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ യൂറോപ്പ് തയാറാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ട്രംപ് ഉടക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിന് മേല്‍ ഉത്തരവാദിത്വം ഏറിയിരിക്കുന്നത്.
ലോകം ചരിത്രത്തിലെ തന്നെ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണെന്ന് ലണ്ടനില്‍ വിളിച്ചുചേര്‍ന്ന പ്രതിസന്ധി യോഗത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതില്‍ നിന്നും മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു സമാധാന ഉടമ്പടി യുഎസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈറ്റ് ഹൗസിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കാനാണ് സ്റ്റാര്‍മര്‍ സ്വയം അവതരിപ്പിക്കുന്നത്. അമേരിക്കയെ ഇപ്പോഴും ആശ്രയിക്കാവുന്ന സഖ്യകക്ഷിയായും അദ്ദേഹം കരുതുന്നു. 'അടിയന്തരമായി, ഉറപ്പുള്ള ഒരു സമാധാന കരാര്‍ വേണമെന്ന പ്രസിഡന്റിന്റെ ആവശ്യം സമ്മതിക്കുന്നു. ഇത് നമുക്ക് ഒരുമിച്ച് നേടിയെടുക്കണം', സ്റ്റാര്‍മര്‍ പറഞ്ഞു.
ഏത് കരാര്‍ ആയാലും ഇതിന് ശക്തമായ യുഎസ് പിന്തുണ ആവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഓരോ രാജ്യവും അവര്‍ക്ക് ആവശ്യമായ സംഭാവന നല്‍കുകയും വേണം. ഓവല്‍ ഓഫീസിലെ പൊട്ടിത്തെറിക്ക് ശേഷം യൂറോപ്യന്‍ നേതാക്കള്‍ ഒരുമിച്ച് ഈ പ്രതിസന്ധിയില്‍ അയവ് വരുത്താനുള്ള ശ്രമങ്ങളിലാണ്. ബ്രിട്ടന് പുറമെ ഫ്രാന്‍സും, ഇറ്റലിലും പ്രധാന പങ്കുവഹിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇമ്മാനുവല്‍ മാക്രോണും, ജോര്‍ജ്ജിയ മെലനിയും ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.