ലണ്ടന്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം. ഖലിസ്താന്‍വാദികളാണ് മുദ്രാവാക്യങ്ങളുമായി ജയശങ്കറിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താന്‍വാദികളാണ് പതാകയേന്തി നിന്നിരുന്നത്. അതിനിടെ, മന്ത്രി കാറില്‍ കയറുന്നതിന് പുറത്തേക്കെത്തിയപ്പോഴാണ് അക്രമി ഇന്ത്യന്‍ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവെച്ച് ഓടിയടുത്തത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും പൊലീസ് നിസ്സംഗരായി നിന്നെന്നു വിമര്‍ശനമുയര്‍ന്നു.
ജയശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വേദിക്ക് പുറത്ത് നിന്ന് ഖലിസ്താന്‍വാദികള്‍ പ്രതിഷേധിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഖലിസ്താന്‍ അനുകൂല മുദ്രാവാക്യ വിളിക്കുന്നതും പതാകകള്‍ വീശുന്നതും വീഡിയോയില്‍ വ്യക്തമാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ ഒമ്പത് വരെ ജയശങ്കര്‍ യു.കെയിലാണ്.
യുകെയില്‍നിന്നു അദ്ദേഹം അയര്‍ ലന്‍ഡിലേക്കു പോകും. കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു.