ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് ബീന മാത്യു ചമ്പക്കര (53) യ്ക്ക് ഈമാസം 11ന് അന്ത്യയാത്രയേകും. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും രാവിലെ പത്തു മണിയ്ക്ക് സെന്റ്. ഹഗ് ഓഫ് ലിങ്കണ്‍ ആര്‍ സി ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ഓടെ സതേണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് ഫെബ്രുവരി 27ന് അന്ത്യം സംഭവിച്ചത്.
മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍), ഇസബെല്‍ (ആംസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥി) മറ്റു കുടുംബാംഗങ്ങളും എല്ലാം മരണസമയത്ത് ബീനയുടെ അടുത്തുണ്ടായിരുന്നു.
കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
2003ല്‍ മാഞ്ചസ്റ്ററില്‍ വന്നപ്പോള്‍ മുതല്‍ ട്രാഫോര്‍ഡിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ സജീവമായിരുന്നു ബീന. അകാലത്തിലുണ്ടായ ബീനയുടെ വേര്‍പാട് മൂലം ട്രാഫോര്‍ഡ് മലയാളി അസോസിയേഷനുണ്ടായ വേദന ചെറുതല്ല. ഇവിടുത്തെ സാമൂഹിക - സാംസ്‌കാരിക - മതപരമായ കാര്യങ്ങളിലെല്ലാം തന്നെ ബീനയുടെ കുടുംബം സജീവമായി പങ്കെടുക്കുകയും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു കുടുംബം.
ബീനയുടെ നിര്യാണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.