സര്‍ക്കാര്‍ എത്രയൊക്കെ ചെയ്തിട്ടും ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനില്‍ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിവരുന്നു. ചാനല്‍ കടത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്.
മാര്‍ച്ച് മാസത്തിലെ ആദ്യ നാല് ദിവസത്തില്‍ ബ്രിട്ടനില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 1168 എത്തി. ഇതോടെ 2025-ലെ ആകെ എണ്ണം 3224 ആയി. മുന്‍ വര്‍ഷത്തെ ഈ സമയത്തെ കണക്കുകളേക്കാള്‍ ഏറെ വര്‍ദ്ധിച്ച തോതിലാണ് പ്രവേശനം.
മെച്ചപ്പെട്ട കാലാവസ്ഥയാണ് ഈ വര്‍ദ്ധനവിന് പിന്നിലെന്ന് ഹോം ഓഫീസ് അവകാശപ്പെട്ടു. എന്നിരുന്നാലും വരവ് തടയാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും അവര്‍ സമ്മതിച്ചു.
ചെറുബോട്ടുകളുടെ വര്‍ദ്ധിച്ച വരവിന് അധ്യക്ഷത വഹിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വിമര്‍ശിച്ചു. അവര്‍ക്ക് അതിര്‍ത്തിയുടെ നിയന്ത്രണം നഷ്ടമായി കഴിഞ്ഞു. റുവാന്‍ഡ പദ്ധതി റദ്ദാക്കിയ ലേബര്‍ 96 ശതമാനം അധിക കുടിയേറ്റക്കാര്‍ക്കും രാജ്യത്ത് തുടരാന്‍ അനുമതി നല്‍കി വാതില്‍ തുറന്നിടുകയാണ് ചെയ്തത്. നമുക്ക് ദുര്‍ബലനായ പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയുമാണുള്ളത്. ഇവര്‍ നാണിച്ച് തലതാഴ്ത്തണം, ഫിലിപ്പ് രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.
അതേസമയം അധികം ആളുകയറി മുങ്ങിയ ഒരു ബോട്ട് കൂടി ബോര്‍ഡര്‍ ഫോഴ്‌സ് ഇന്നലെ രക്ഷപ്പെടുത്തി. അധികമായി ആളുകയറിയ ഒരു ബോട്ട് ഫ്രഞ്ച് നേവി ഓഫീസര്‍മാര്‍ കൈവിട്ടതോടെ യുകെ ബോര്‍ഡര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തുന്ന അവസ്ഥയുണ്ടാവുകയായിരുന്നു.