ഭരണകക്ഷിയായ ലേബറിനും പ്രതിപക്ഷമായ ടോറികള്‍ക്കും കനത്ത വെല്ലുവിളിയായി വളര്‍ന്ന റിഫോം യുകെ പാര്‍ട്ടിയില്‍ കലാപം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തിയേക്കുമെന്ന് വരെ ഒരു ഘട്ടത്തില്‍ കരുതിയിരുന്ന പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. സ്വന്തം പാര്‍ട്ടി എം പിയായ റൂപ്പര്‍ട്ട് ലോക്ക് എതിരെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഉണ്ടായി. ഡെയ്ലി മെയിലുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഫരാജിന്റെ നേതൃ പാടവത്തെ ലോ ചോദ്യം ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. താന്‍ ഇല്ലായിരുന്നെങ്കില്‍ ലോവിന് എം പിയാകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ഫരാജ് പറഞ്ഞത്.
അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി ഫരാജ് തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരു നേതാക്കള്‍ക്കും ഇടയില്‍ ഭിന്നത പ്രത്യക്ഷപ്പെട്ടത്. ഫരാജിന് നേതാവാകാന്‍ യോഗ്യതയില്ലെന്ന് തുറന്നടിച്ച മസ്‌ക്, ഇക്കഴിഞ്ഞ ജനുവരിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ലോ ആണ് പാര്‍ട്ടി നേതാവാകാന്‍ യോഗ്യന്‍ എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മിശിഹായുടെ നേതൃത്വത്തില്‍, പ്രതിഷേധിക്കാന്‍ മാത്രമുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ നിന്നും പാര്‍ട്ടിക്ക് ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നും ലോ അഭിപ്രായപ്പെടുന്നു.
തങ്ങളുടെത് പ്രതിഷേധിക്കാന്‍ മാത്രമുള്ള ഒരു പാര്‍ട്ടിയല്ലെന്നും അത്തരത്തിലുള്ള ധാരണ തികച്ചു തെറ്റാണെന്നുമായിരുന്നു ഇതിനു മറുപടിയായി ടോക്ക് ടി വിയിലൂടെ ഫരാജ് പ്രതികരിച്ചത്. ഒരുപാട് വികസന ലക്ഷ്യങ്ങള്‍ ഉള്ള പാര്‍ട്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡെയ്ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍, ഫരാജ് എം പി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നായിരുന്നു ലോ പറഞ്ഞത്.
അഭിപ്രായ വോട്ടെടുപ്പുകളില്‍ കുതിച്ചുയര്‍ന്ന റിഫോം യു കെ പാര്‍ട്ടിക്ക് പക്ഷെ ശക്തി ചോര്‍ന്നു പോകുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന ചില സൂചനകള്‍. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസക്കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ സമാഹരിച്ച അത്ര ഫണ്ട് പോലും ഇവര്‍ക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മസ്‌ക് വാഗ്ദാനം നല്‍കിയ 100 മില്യന്‍ പൗണ്ടിനായി പാര്‍ട്ടി ഇത്രയധികം പ്രതീക്ഷ പുലര്‍ത്തുന്നത് എന്തിനാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഫരാജും ഇപ്പോള്‍ പാര്‍ട്ടി ട്രഷറര്‍ ആയ നിക്ക് കാന്‍ഡിയും കഴിഞ്ഞ ഡിസംബറിലായിരുന്നു ഫ്‌ലോറിഡയിലെ ട്രംപിന്റെ മാര്‍ എ ലാഗോ എസ്റ്റേറ്റിലെത്തി ഇത് സംബന്ധിച്ച മസ്‌കുമായി ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍, പിന്നീട് മസ്‌ക് ഫരാജിന്റെ തീവ്ര വിമര്‍ശകനായി മാറുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും ഫരാജിനെ മാറ്റണം എന്നുവരെ മസ്‌ക് സമൂഹമാധ്യമങ്ങളില്‍ കൂടി ആവശ്യപ്പെട്ടിരുന്നു. ഫരാജിന്റെ പഴയ പാര്‍ട്ടിയായ യുക്കിപ്പിന്റെ ഗതി റിഫോം യുകെയ്ക്കും വന്നു ചേരുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. ഏതായാലും പാര്‍ട്ടിയില്‍ ചേരിതിരിവ് ശക്തമാവുകയാണ്.