ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലണ്ടനില്‍ എത്തിയ ഘട്ടത്തില്‍ സുരക്ഷാ ലംഘനം ഉണ്ടായ സംഭവം നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികള്‍' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ അവതരിപ്പിച്ചത്.
മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നില്‍ വെച്ചാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാന്‍ ഒരു ഖലിസ്ഥാന്‍വാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാന്‍ കോമണ്‍സില്‍ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികള്‍ എത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തില്‍ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തുള്ള പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ അക്രമത്തിന് ശ്രമുണ്ടായത്. ഖലിസ്ഥാനി തെമ്മാടികളാണ് ഇതിന് പിന്നില്‍. ഇത് ജനീവാ കണ്‍വെന്‍ഷന് വിരുദ്ധമാണ്. പോലീസും, സുരക്ഷാ സേനയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം, ബ്ലാക്ക്മാന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ആശങ്കയുള്ളതായി ലേബര്‍ ഗവണ്‍മെന്റിന്റെ കോമണ്‍സ് നേതാവ് ലൂസി പോവെല്‍ പ്രതികരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും എത്തിയ ഒരു സന്ദര്‍ശകന് നേരെ ഗുരുതര അക്രമം ഉണ്ടായതില്‍ ഖേദമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല, സന്ദര്‍ശകരെ ഈ വിധം പരിഗണിക്കാന്‍ കഴിയില്ല, അവര്‍ പറഞ്ഞു. ഹോം സെക്രട്ടറി സമ്പൂര്‍ണ്ണ പ്രതികരണം നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
യുകെ ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്‌മെന്റ് ഓഫീസും സംഭവത്തെ അപലപിച്ചു. പൊതുപരിപാടികള്‍ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഫ്‌സിഡിഒ പറഞ്ഞു. യുകെ ചാര്‍ജ്ജ് ഡി' അഫയേഴ്‌സ് ക്രിസ്റ്റിനെ സ്‌കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഗുരുതര ആശങ്ക അറിയിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരനെ ഉടന്‍ പിടികൂടിയെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. വിദേശകാര്യമന്ത്രിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഇവിടെ നിന്നും യാത്ര ചെയ്യാന്‍ കഴിഞ്ഞെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.