സ്വിന്‍ഡനില്‍ മരണമടഞ്ഞ കുഞ്ഞുമാലാഖ ഐറിന്(11 ) മാര്‍ച്ച് 12ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയില്‍ ആണ് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ് ക്നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുര്‍ബാനയ്ക്കും പൊതുദര്‍ശന ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.
സ്വിന്‍ഡനില്‍ ടവര്‍ സെന്ററില്‍ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകള്‍ ഐറിന്‍ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിന്‍ രണ്ട് വര്‍ഷത്തിലേറെയായി പിഒഎല്‍ജി മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയിലായിരുന്നു .
കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വര്‍ഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും സഹോദരങ്ങളും യുകെയില്‍ എത്തിയത്. അഭിജിത്ത്, ഐഡന്‍ എന്നിവരാണ് സഹോദരങ്ങള്‍.
എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്ന ഐറിന്‍ ഒരു മികച്ച ഗായിക കൂടിയായിരുന്നു. യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും പ്രാദേശിക മലയാളി സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു ഐറിന്‍ . അതുകൊണ്ട് തന്നെ ഐറിന്റെ മരണവാര്‍ത്ത തീരാ നോവായി കണ്ണീരോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ഐറിന്റെ മൃതദേഹം സ്വദേശമായ ഉഴവൂരില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണന്ന് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിന്‍ വര്‍ഗീസ്, ട്രഷറര്‍ കൃതിഷ് കൃഷ്ണന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ രാജേഷ് നടേപ്പിള്ളി എന്നിവര്‍ അറിയിച്ചു.