ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്ത നഴ്‌സുമാരെ വച്ചാണ്. എന്നാല്‍ ഇതിനു മാറ്റംവരുത്തി സ്വദേശി നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുകയാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെയും, ഗവണ്‍മെന്റിന്റെയും ലക്ഷ്യം. ഇതിനിടയിലാണ് എന്‍എച്ച്എസ് ജീവനക്കാരെ കണ്ടെത്താന്‍ വിദേശത്തേക്ക് നോക്കി ഇരിക്കുന്നത് സുസ്ഥിരമായ കാര്യമല്ലെന്ന് എംപിയും, മുന്‍ നഴ്‌സുമായ പോളെറ്റ് ഹാമില്‍ടണ്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മിഡ്‌ലാന്‍ഡ്‌സിലെ അഞ്ചിലൊന്ന് എന്‍എച്ച്എസ് ജീവനക്കാരും വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് വര്‍ക്ക്‌ഫോഴ്‌സ് ഡാറ്റ വ്യക്തമാക്കുന്നത്. 'പഴയത് പോലെ നഴ്‌സുമാരെ വിദേശത്ത് നിന്നും അധികമായി കൊണ്ടുവരുന്നത് എളുപ്പമാകില്ല. പല രാജ്യങ്ങളും ഇവരെ വിട്ട് നല്‍കാന്‍ തയ്യാറാകില്ല', എര്‍ഡിംഗ്ടണില്‍ നിന്നുള്ള ലേബര്‍ എംപി ചൂണ്ടിക്കാണിച്ചു.
സ്വദേശികളായ ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ചെടുത്ത് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളാക്കാനുള്ള പദ്ധതി തുടരുകയാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. 2009 മുതല്‍ ഇംഗ്ലണ്ടിലെ വിദേശ ജീവനക്കാരുടെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 42% ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് ഇതര വംശജരാണെന്നിരിക്കെ, 25% നഴ്‌സുമാരും, ഹെല്‍ത്ത്‌കെയര്‍ വിസിറ്റര്‍മാരും, 3% മാനേജര്‍മാരും, 2% സീനിയര്‍ മാനേജര്‍മാരും ഈ വിഭാഗത്തിലുള്ളവരാണ്.
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ വന്‍തോതില്‍ രൂപപ്പെട്ട വേക്കന്‍സികളാണ് കഴിഞ്ഞ ദശകത്തില്‍ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് വേഗത കൂട്ടിയത്. നഴ്‌സിംഗ് ഒഴിവുകളാണ് പ്രധാനമായും വിദേശ ജോലിക്കാരെ ഉപയോഗിച്ച് നികത്തിയത്. നഴ്‌സിംഗ് ഇപ്പോഴും ക്ഷാമം നേരിടുന്ന ജോലികളുടെ പട്ടികയില്‍ തുടരുകയാണ്.
അതിനിടെ, ഇംഗ്ലണ്ടില്‍ വിദേശ ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ ആശ്രയിക്കുന്നത് വര്‍ദ്ധിക്കുന്നുവെന്ന ആശങ്കകള്‍ നിലനില്‍ക്കവെ മാറ്റവുമായി വുമായി നോര്‍ത്ത് ഈസ്റ്റ്, കംബ്രിയ ഹെല്‍ത്ത് സര്‍വ്വീസുകള്‍. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരില്‍ ഏറ്റവും കുറവ് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഈ മേഖലകളിലാണെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍. ദേശീയ തലത്തില്‍ അഞ്ചിലൊന്ന് ജീവനക്കാര്‍ വിദേശ പൗരന്‍മാരാണെന്ന് ഇരിക്കവെ, നോര്‍ത്ത് ഈസ്റ്റിലും, കംബ്രിയയിലും പത്തിലൊന്ന് ആള്‍ മാത്രമാണ് വിദേശത്ത് നിന്നുള്ളവര്‍.
നോര്‍ത്ത് ഈസ്റ്റ്, കംബ്രിയ എന്നിവിടങ്ങളില്‍ വിദേശ ജോലിക്കാരുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലാണ്. എന്‍എച്ച്എസ് ലക്ഷ്യമിടുന്ന 9 മുതല്‍ 11% വരെയുള്ള വിദേശ റിക്രൂട്ട്‌മെന്റാണ് ഇവിടെ നടന്നിട്ടുള്ളത്. അതേസമയം ഡോക്ടര്‍, നഴ്‌സിംഗ് ജോലികളിലാണ് ബ്രിട്ടീഷ് ഇതര ജീവനക്കാര്‍ കൂടുതല്‍ ശതമാനമുള്ളത്.
കൂടാതെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളക്കാരല്ലാത്ത താമസക്കാര്‍ കുറവുള്ള മേഖല കൂടിയാണിത്. 2021-ലെ സെന്‍സസ് പ്രകാരം നോര്‍ത്ത് ഈസ്റ്റിലെ 90% പേരും, കംബ്രിയയിലെ 95% പേരും വെള്ളക്കാരായ ബ്രിട്ടീഷുകാരാണ്. ദേശീയ തലത്തില്‍ 81% ആണ് ഈ അനുപാതം.