വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ലണ്ടനിലെ ഛത്രം ഹൗസില്‍ ഒരു ചര്‍ച്ച കഴിഞ്ഞ് മടങ്ങവേയാണ് വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധമുണ്ടായത്. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യമന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടന വാദികളുടേയും തീവ്രവാദികളുടേയും ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കേയാണ് പ്രദേശത്ത് ഖലിസ്ഥാന്‍ വാദികള്‍ പതാകയേന്തിമുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കര്‍ കാറില്‍ കയറാനെത്തിയതോടെ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരില്‍ ഒരാള്‍ പാഞ്ഞുവരികയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനായി മാര്‍ച്ച് 4 മുതല്‍ 9 വരെ യുകെയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തിയതാണ് ജയ്ശങ്കര്‍.