കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടു വിലയില്‍ ഇടിവ് രേഖപ്പെടുത്തി
കണക്കു കൂട്ടലുകള്‍ തെറ്റിച്ച് യുകെയിലെ വീടുകളുടെ വില കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിക്കുന്നതിന് മുമ്പ് ആളുകള്‍ വീടുവാങ്ങി കൂട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഭവന വില കുതിച്ചുയരുമെന്നുള്ള പ്രതീക്ഷയ്ക്ക് വിരുദ്ധമായി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയില്‍ ഭവന വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി ഹാലിഫാക്‌സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ പ്രോപ്പര്‍ട്ടി വില ഏകദേശം 0.1 ശതമാനം കുറഞ്ഞു.
യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് ചുമത്തപ്പെടുന്നത്. നിലവില്‍ 250000 പൗണ്ടാണ് ത്രെഷോള്‍ഡ് നിരക്ക് പരിധി. മുമ്പത്തെ 125000 പൗണ്ട് എന്ന നിലയിലേക്ക് വരുമെന്നതാണ് സൂചന. ആദ്യമായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്കുള്ള ത്രെഷോള്‍ഡ് നിരക്ക് പരിധി നിലവില്‍ 425000 പൗണ്ടാണ്. മുമ്പുള്ള 300000 പൗണ്ട് എന്ന നിലയിലേക്ക് ഏപ്രിലോടെ തിരിച്ചെത്തും.
ഏപ്രില്‍ മുതല്‍ 125000 പൗണ്ടിനുള്ളില്‍ ഒതുങ്ങുന്ന പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടികളുണ്ടാകില്ല. എന്നാല്‍ അതിന് മുകളില്‍ വാങ്ങുന്നവര്‍ക്ക് പണം നല്‍കേണ്ടിവരും.
ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500000 പൗണ്ടില്‍ കൂടുതലാണെങ്കില്‍ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി ക്ലെയിം ചെയ്യാനാകില്ല. പുതിയ വാങ്ങലിന് ശേഷം 36 മാസത്തിനുള്ളില്‍ പഴയ പ്രോപ്പര്‍ട്ടി വില്‍ക്കുകയാണെങ്കില്‍ അധികമായ അഞ്ചു ശതമാനം നല്‍കേണ്ട ആവശ്യമില്ല. ഭവന ലഭ്യതയും പ്രധാനമാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ജനം മാറി ചിന്തിക്കുകയാണെന്നാണ് സൂചന.