സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് കൗമാരക്കാരികളെ കെണിയിലാക്കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ് ശിക്ഷ . ലണ്ടന്‍ ഹരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. 18ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചത്.
രാജ്യത്തെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കും. കൗമാരക്കാരായ കുട്ടികളെ നാലു വര്‍ഷത്തെ ഇടവേളയിലാണ് സമാന രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്.
2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്‌നാപ്പ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയ വിനിമയം നടത്തിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫീസ് ബ്ലോക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും സംശയിക്കപ്പെടുന്ന ആരെയും തിരിച്ചറിഞ്ഞില്ല.
2023 ഏപ്രിലില്‍ വീണ്ടും സ്‌നാപ് ചാറ്റിലൂടെ 16 കാരിയായ പെണ്‍കുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി അഭിനയിച്ചാണ് ചാറ്റിയത്. പെണ്‍കുട്ടിയുടെ സ്‌കൂളിന് അടുത്തുള്ള തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്തു കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിനം പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം 2023 നവംബര്‍ 27ന് പ്രതി അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ പീഡനവും പുറത്തുവന്നത്.
എന്നാല്‍ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബം വിധിയില്‍ അതൃപ്തിയിലാണ്. കൂടുതല്‍ കടുത്ത ശിക്ഷ വേണമായിരുന്നെന്നാണ് കുടുംബം പറയുന്നത്.