യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന ദമ്പതികള്‍ക്കുള്ള ബീവിമെന്റ് ലീവിനെ ശക്തമായി പിന്തുണക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി താന്‍ അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ മാഡേഴ്‌സ് എംപിമാരോട് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലെ ജീവനക്കാര്‍ക്ക് പ്രസാവവധിക്ക് അര്‍ഹതയുണ്ട്. പ്രസവത്തെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ആണ് ഇതിന് അര്‍ഹതയുള്ളത്. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്.
24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബര്‍ എംപി സാറാ ഓവന്‍ ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര അവധിയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കിയതിന് വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി കമ്മറ്റിയോട് നന്ദിയുള്ളവനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗര്‍ഭം അലസുന്ന സ്ത്രീകള്‍ ശാരീരികവും മാനസികവുമായി പ്രശ്‌നങ്ങളിലായിരിക്കും. രക്തസ്രാവം, അണുബാധ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും വ്യപകമായി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം നേരിടാന്‍ കൗണ്‍സിലിങും ഡോക്ടറെ കാണുകയും മറ്റും ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസുന്നവര്‍ക്ക് അവധി നിര്‍ദ്ദേശങ്ങളുമായി വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി രംഗത്തു വന്നത്.
ശമ്പളമില്ലാതെയുള്ള അവധിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മിസ്‌കാരേജ് അസോസിയേഷന്റെ സിഇഒ വിക്കി റോബിന്‍സണ്‍ പറഞ്ഞു. എന്തായാലും വളരെ ഗുണപരമായ ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.