എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നു ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അര്‍ദ്ധസര്‍ക്കാര്‍ തലത്തിലുള്ള സംഘങ്ങളെ ഒഴിവാക്കാനും പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം.
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീമുകളെയാണ് ഒഴിവാക്കുന്നത്. ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിക്കുന്നതോടെ പൊതുപണത്തില്‍ നിന്നും 353 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന ബാധ്യത കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ് കണക്കാക്കുന്നത്.
ഗവണ്‍മെന്റുമായി അടുത്ത് ഇടപെടുന്ന ബുദ്ധികേന്ദ്രമായ ലേബര്‍ ടുഗതറാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങളില്‍ നം.10, ട്രഷറി എന്നിവിടങ്ങളില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 'പ്രൊജക്ട് ചെയിന്‍സോ' അഥവാ അറക്കവാള്‍ പ്രൊജക്ട് എന്നാണ് ഈ പദ്ധതിക്ക് നാമകരണം ലഭിച്ചിരിക്കുന്നത്. എലണ്‍ മസ്‌ക് യുഎസില്‍ വെട്ടിനിരത്തല്‍ നടത്തുന്നതിനെ സൂചിപ്പിച്ച് അറക്കവാള്‍ പൊക്കിപ്പിടിച്ചിരുന്നു. ഇതാണ് യുകെയിലും ആവര്‍ത്തിക്കുന്നത്.
ഗവണ്‍മെന്റ് വകുപ്പുകളുടെ തീരുമാനമെടുക്കാന്‍ പുറമെയുള്ള റെഗുലേറ്ററെയും, മറ്റ് അര്‍ദ്ധസര്‍ക്കാര്‍ സംഘങ്ങളെയും ആശ്രയിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ക്യാബിനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് തീരുമാനങ്ങള്‍ 'ഔട്ട്‌സോഴ്‌സ്' ചെയ്യുന്ന ട്രെന്‍ഡ് തുടരേണ്ടതില്ലെന്നാണ് പ്രധാനന്ത്രിയുടെ നിലപാട്.