യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് കീര്‍ സ്റ്റര്‍മര്‍; 10000 പേര്‍ക്ക് ജോലി നഷ്ടമാകും! നഴ്‌സുമാരെ ബാധിക്കുമോ?

ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ അഭിമാനമായി നിലനില്‍ക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കി ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ സമാനമായ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയും ജോലിക്ക് ഭീഷണിയാണ്. ഏകദേശം 10000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലാണ് പ്രചരിച്ചത്. ബ്രിട്ടന്റെ എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വീസ് അപ്പാടെ അടച്ചുപൂട്ടുന്നുവെന്നാണ് പ്രചരണം നടന്നത്. യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥ സംഘമായ എന്‍എച്ച്എസ് ഇംഗ്ലണ്ടിനാണ് 'വെട്ടുകൊണ്ടിരിക്കുന്നത്'.

ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളെ തിരികെ ജനാധിപത്യ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടും, എന്‍എച്ച്എസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നേരിട്ട പ്രയാസമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശങ്കയിലേക്ക് വഴിതിരിച്ചുവിടാന്‍ കാരണമായത്.

ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ് അഴിച്ചുപണിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു വ്യത്യാസവും നേരിടുന്നില്ല. എന്നുമാത്രമല്ല അധിക ഉദ്യോഗസ്ഥ മേലാളന്‍മാരെ കുറയ്ക്കുന്നത് വഴി ലഭിക്കുന്ന ലാഭം ഇവരിലേക്ക് വഴിതിരിച്ചുവിട്ട് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാമെന്നും ഗവണ്‍മെന്റ് മോഹിക്കുന്നു.

പ്രതിവര്‍ഷം 200 ബില്യണ്‍ പൗണ്ട് ആണ് എന്‍എച്ച്എസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്. എന്‍എച്ച്എസിന്റെ നടത്തിപ്പിനെ കുറിച്ച് വ്യാപകമായ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ പോലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉണ്ടായിരുന്നത്. എന്‍എച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുമെന്നത് ലേബര്‍ പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

2012 ലാണ് നിലവിലെ ഘടനയില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നിലവില്‍ വന്നത്. മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ധൈര്യപൂര്‍വ്വമായ നീക്കമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയത്തിനും ഏറ്റവും കുറഞ്ഞ രോഗി സംതൃപ്തിക്കും കാരണമാകാനുള്ള 2012 ലെ എന്‍എച്ച്എസിന്റെ രൂപീകരണത്തിന്‍ മേലുള്ള അവസാനത്തെ ആണിയാണ് നിലവിലെ തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകള്‍ കുറയ്ക്കാനും കൂടുതല്‍ പണം രോഗികള്‍ക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എന്‍എച്ച്എസ് ഇംഗ്ലണ്ടിനും ഗവണ്‍മെന്റ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങള്‍ പൊതുവായി ചെയ്യുന്ന വിഭാഗങ്ങള്‍ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന നേട്ടവുമുണ്ട്.

ചുരുക്കത്തില്‍ നിലവിലെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ഇത് ആരോഗ്യ സംവിധാനത്തിന്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവില്‍ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴില്‍ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതല്‍ ശ്രദ്ധ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും പിന്‍തുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions