യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങളും അതിക്രമങ്ങളും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷം കടകളില്‍ മോഷണങ്ങള്‍ക്ക് സാക്ഷികളായെന്ന് കാല്‍ശതമാനത്തോളം ജനങ്ങളാണ് രേഖപ്പെടുത്തിയത്. ക്രിമിനലുകള്‍ കൂടുതല്‍ അക്രമകാരികളായി മാറിയതോടെ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെ ശാരീരികമായ അക്രമവും നേരിടേണ്ടി വരുന്നതായി പൊതുജനം വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം നടത്തിയ സര്‍വ്വെയിലാണ് നോട്ടിംഗ്ഹാം റീട്ടെയില്‍ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറിയെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ 32% താമസക്കാരാണ് ഷോപ്പിലെ മോഷണങ്ങള്‍ കണ്ടതായി വ്യക്തമാക്കുന്നത്. 29% പേര്‍ ലണ്ടനിലും മോഷണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
സൗത്താംപ്ടണ്‍, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് മോഷണങ്ങള്‍. അതേസമയം മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ലിവര്‍പൂള്‍, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ഷോപ്പ് മോഷമങ്ങള്‍ താരതമ്യേന കുറവാണ്.
ഷോപ്പുകളിലെ മോഷണങ്ങള്‍ സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുകയാണെന്ന് റീട്ടെയിലര്‍മാര്‍ പരാതിപ്പെടുന്നു. പ്രതിദിനം 55,000 മോഷണങ്ങളാണ് നടക്കുന്നത്. കൂടാതെ അതിക്രമവും, കൈയ്യേറ്റവുമുള്ള സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം 50% വര്‍ദ്ധിച്ചു.
അസഭ്യവും, ഭീഷണിയും ഉള്‍പ്പെടുന്ന അക്രമങ്ങളും, ലൈംഗികമായും, വംശവെറിയും നിറഞ്ഞ അക്രമങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം 2000-ലേറെ സംഭവങ്ങള്‍ ദിവസേന നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും 200 പൗണ്ടില്‍ താഴെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നത് ജയില്‍ശിക്ഷയില്‍ കലാശിക്കുന്നില്ലെന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.