ടെഡി ബിയറിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കൊലയാളിക്ക് കുറഞ്ഞത് 23 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 18 കാരനായ പ്രതി ഹസന്‍ സെന്റാമുവാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എലിയാന്‍ ആന്‍ഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തില്‍ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്തത്.
സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലുള്ള വിറ്റ്ഗിഫ്റ്റ് സെന്ററിന് പുറത്താണ് ആക്രമണം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പ്രതി വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതി കൊല ചെയ്തതായി സമ്മതിച്ചു.
കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസന്‍ സെന്റാമുവിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓട്ടിസം പ്രശ്‌നമുണ്ടാക്കുന്നുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂര്‍വം നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതി ഉത്തരവാദിയാണെന്ന് കോടതി പറഞ്ഞു. എലിയാന്‍ ആന്‍ഡമിന്റെ സുഹൃത്ത് ഹസന്‍ സെന്താമുവുമായി ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കൈമാറിയ ടെഡി ബെയര്‍ തിരികെ നല്‍കാന്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. എലിയാന്റെ സുഹൃത്ത് പാവ തിരിച്ചു നല്‍കിയെങ്കിലും ഹസന്‍ വെറുംകൈയോടെയാണ് എത്തിയത്. പിന്നാലെ എലിയാന്‍ പാവ വാങ്ങി പോവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ നാലു തവണ കുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുമ്പത്തെ ദിവസം പെണ്‍കുട്ടികള്‍ വെള്ളം തെറിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ആയുധവുമായി വന്നതെന്നു കണ്ടെത്തി.